തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിക്കു കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ജയിൽ ജീവനക്കാരുടെയോ തടവുകാരുടെയോ സഹായം ലഭിച്ചിട്ടില്ലെന്ന് ഉത്തര മേഖലാ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്.
തടവുകാരുടെ ഉണക്കാനിട്ടിരുന്ന തുണികൾ കൂട്ടിക്കെട്ടിയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇയാളുടെ ഒരു കൈ പാതി മുറിഞ്ഞെങ്കിലും ഈ കൈയ്ക്ക് മറ്റു കൈയെപ്പോലെ അതീവ ശക്തിയുണ്ട്. രണ്ടു കൈ ഉപയോഗിച്ചു തന്നെയാണ് ഇയാൾ മതിലിലേക്ക് കയറിയത്.ഗോവിന്ദച്ചാമി എല്ലായ്‌പ്പോഴും പ്രശ്‌നക്കാരനായതിനാൽ സഹതടവുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. അതിനാൽ തടവുകാരുടെ പിന്തുണ ലഭിക്കാനിടയില്ല. ജയിലിന് പുറത്തു നിന്ന് ഇയാൾക്കു സഹായം ലഭിച്ചോയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ഫോൺ രേഖകളടക്കം പരിശോധിച്ചു മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. ജയിലിലെ ഫോൺ ഉപയോഗം സംബന്ധിച്ചും വിശദമായ അന്വേഷണം വേണം.ജയിലഴി അറുത്തു മുറിച്ചത് ജയിൽ ജീവനക്കാർ അറിയാതിരുന്നതും,. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. നിരീക്ഷണത്തിനു ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ രോഗിയുമായി ആശുപത്രിയിലേക്കു പോയതാണ് സിസിടിവി നിരീക്ഷണം പാളാൻ ഇടയാക്കിയത്.
അസി.സൂപ്രണ്ടിനടക്കം
ഗുരുതര സുരക്ഷാവീഴ്ച
ജയിലിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും നൽകിയിരുന്നില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്.ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകൾ ഉപയോഗിച്ചു. ഒരു വീപ്പ നേരത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് ശേഖരിച്ചു. ജയിലഴികൾ മുറിച്ചതിൽ വിശദമായ അന്വേഷണം വേണം. അരം പോലുള്ള ഉപകരണം ഇയാളിൽ നിന്ന് കണ്ടെടുത്തെങ്കിലും ഇതുപയോഗിച്ച് മുറിക്കാൻ ഏറെക്കാലമെടുക്കുമെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |