തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിന്റെ മൂന്നാം സെമസ്റ്ററിൽ മേജർ വിഷയം, കോളേജ്, സർവകലാശാല എന്നിവ മാറാം. മൈനറായോ മൾട്ടി ഡിസിപ്ലിനറി കോഴ്സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മേജർ മാറ്റം അനുവദിക്കുക. അക്കാഡമിക് വർഷത്തിന്റെ ആദ്യ ദിനം ഓരോ വിഷയത്തിലുമുള്ള ഒഴിവുകൾ കോളേജുകളിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ അധികമുണ്ടെങ്കിൽ 10ശതമാനം അധിക സീറ്റ് അനുവദിക്കും. സംവരണ തത്വങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. അദ്ധ്യയന വർഷത്തിന്റെ ആദ്യ 5ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും. ഇതിനുള്ള നടപടിക്രമങ്ങൾ മന്ത്രി ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ കേരള സർവകലാശാലയിൽ ചേർന്ന ഉന്നതതലയോഗം അംഗീകരിച്ചു. കോഴ്സും കോളേജും യൂണിവേഴ്സിറ്റിയും മാറാൻ അനുവദിക്കുമെന്ന് ഫെബ്രുവരി 28ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
മേജർ വിഷയങ്ങളുടെ മാറ്റത്തിനു ശേഷമുള്ള ഒഴിവുകളിലേക്കായിരിക്കും കോളേജ് തല മാറ്റം അനുവദിക്കുക. ഒഴിവുകൾ സർവകലാശാല പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികളുടെ അപേക്ഷ പരിഗണിച്ച് റാങ്ക് ലിസ്റ്റുണ്ടാക്കി കോളേജുകൾക്ക് നൽകും. കോളേജുകളാണ് പ്രവേശന നടപടി പൂർത്തിയാക്കുക. നിലവിൽ പഠിക്കുന്നിടത്ത് റാഗിംഗിനടക്കം അച്ചടക്ക നടപടികൾ നേരിട്ടിട്ടില്ലെന്ന സാക്ഷ്യപത്രം വിദ്യാർത്ഥി ഹാജരാക്കണം.
ആദ്യ രണ്ട് സെമസ്റ്ററുകളിലെ എല്ലാ കോഴ്സുകളും വിജയിച്ചവർക്കാണ് സർവകലാശാലാ മാറ്റത്തിന് അപേക്ഷിക്കാനാവുക. അന്യസംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ പഠിക്കുന്നവർക്കും ഇവിടത്തെ സർവകലാശാലകളിലേക്ക് മൂന്നാം സെമസ്റ്റർ പഠനത്തിന് അപേക്ഷിക്കാം. പ്രവേശനം കോളേജ് തലത്തിലാണ് പൂർത്തിയാക്കേണ്ടത്. ഈ മാറ്റങ്ങൾക്കായുള്ള മോഡൽ ഏകീകൃത അക്കാഡമിക് കലണ്ടർ യോഗം അംഗീകരിച്ചു. അവസാന സെമസ്റ്റർ പഠനമൊഴിവാക്കി രണ്ടരവർഷംകൊണ്ട് ബിരുദവും മൂന്നരവർഷംകൊണ്ട് ഓണേഴ്സും നേടാനുള്ള എൻ-മൈനസ് വൺ സംവിധാനവും യോഗം അംഗീകരിച്ചു.
കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, ഓപ്പൺ, സംസ്കൃത സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
കോഴ്സുകൾ നവീകരിക്കും
വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട കോഴ്സുകൾ ഉറപ്പു വരുത്തുന്നതിന് പുതിയ മൈനർ കോഴ്സുകൾ സർവകലാശാലകൾ തയ്യാറാക്കും. നൂതനവും, തൊഴിലും നൈപുണ്യവും ഉറപ്പു വരുത്തുന്നതും, മേജർ വിഷയത്തിൽ ആഴത്തിലുള്ള പഠനം സാദ്ധ്യമാക്കുന്നതുമായ കോഴ്സുകളായിരിക്കും ഇവ. 6മാസത്തിനകം എല്ലാ കോളേജദ്ധ്യാപകർക്കും പരിശീലനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |