കാസർകോട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കൊന്ന് പുഴയിൽ തള്ളിയ കേസിലെ പ്രതി 15 വർഷത്തിനുശേഷം അറസ്റ്റിൽ. പെൺകുട്ടിയെ കാണാതായ നാൾ തൊട്ട് ആരോപണ വിധേയനായിരുന്ന പാണത്തൂർ ബാപ്പുങ്കയത്തെ ബിജു പൗലോസ് (52) എന്ന മോട്ടിവേറ്ററാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ്.
കാസർകോട് പൊലീസിന് കടപ്പുറത്തുനിന്നു കിട്ടിയ എല്ലിൻ കഷണവും കൊലുസും കാണാതായ പെൺകുട്ടിയുടേതാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ബിജു പൗലോസ് കുറ്റം സമ്മതിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചതടക്കമുള്ള പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2010 ജൂൺ ആറിനാണ് കാഞ്ഞങ്ങാട് നഗരത്തിൽ ടീച്ചേഴ്‌സ് ട്രെയിനിംഗ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ കാണാതായത്. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനു സമീപത്തെ ചാരിത്താസ് ഹോസ്റ്റലിൽ താമസിച്ചാണ് പെൺകുട്ടി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്‌സിന് പോയിരുന്നത്.
ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി പെൺകുട്ടിയുടെ അച്ഛൻ 2011 ജനുവരി 19 ന് അമ്പലത്തറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് 2021 ൽ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. തുടർന്ന് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിനായിരുന്നു ചുമതല.
പെൺകുട്ടിയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന് പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് നൽകിയ മൊഴി മാത്രമാണ് പൊലീസിന്റെ പക്കൽ തെളിവായി ഉണ്ടായിരുന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. അതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെന്നാണ് അന്വേഷകസംഘം ആദ്യഘട്ടത്തിൽ കോടതിയെ അറിയിച്ചിരുന്നത്.
ബിജു രണ്ട് മക്കളുടെ പിതാവ്
അന്വേഷണം തൃപ്തികരമെല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2024 ഡിസംബറിൽ കുടുംബം വീണ്ടും കോടതിയിൽ ഹർജി നൽകി. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കാഞ്ഞങ്ങാട് മടിയനിലെ ഗോവിന്ദൻ എന്നയാളുടെ ഹോം ഹോസ്റ്റലിൽ താമസിപ്പിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സഹോദരൻ എന്നാണ് ഇയാൾ പരിചയപ്പെടുത്തിയിരുന്നത്.പ്രതിയുടെ മാതാവും ഒപ്പം താമസിച്ചിരുന്നു. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ പ്രതി അത് മറച്ചുവച്ചാണ് പെൺകുട്ടിയുമായി അടുപ്പം പുലർത്തിയത്.ഇക്കാര്യം പെൺകുട്ടി അറിഞ്ഞതോടെ പ്രശ്നമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
മൃതദേഹം ഒഴുകി കടപ്പുറത്ത് അടിഞ്ഞു
പെൺകുട്ടിയുടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ പാണത്തൂർ പവിത്രം കയത്തിൽ ചവിട്ടിത്താഴ്ത്തിയെന്നാണ് പ്രതി നൽകിയിട്ടുള്ള മൊഴി. ഇവിടെനിന്നു മൃതദേഹം ഒഴുകി 40 കിലോമീറ്ററിലധികം ദൂരെ കാസർകോട് കടപ്പുറത്തിനു സമീപം എല്ലിൻ കഷണമായി അടിഞ്ഞെന്നാണ് നിഗമനം. ഇത് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |