തിരുവനന്തപുരം: പ്ലാനിംഗ് ഡയറക്ടർ മിനി ഡിജോ കാപ്പന് പകരം ക്യാമ്പസ് അഡ്മിനിസ്ട്രേഷൻ ജോയിന്റ് രജിസ്ട്രാർ ആർ.രശ്മിക്ക് കേരള സർവകലാശാലാ രജിസ്ട്രാറുടെ ചുമതല. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഭാരതാംബചിത്ര വിവാദത്തിൽ സസ്പെൻഷനിലായ ഡോ.കെ.എസ്. അനിൽകുമാറിന് പകരമാണ് നിയമനം. രശ്മി ഇന്നലെത്തന്നെ ചുമതലയേറ്റു. ഇതോടെ സർവകലാശാലയിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരമാവുമെന്നാണ് വിലയിരുത്തൽ.
മിനികാപ്പന് ചുമതല നൽകിയതിനെ സിൻഡിക്കേറ്റംഗം മുരളീധരൻപിള്ള യോഗത്തിൽ ചോദ്യം ചെയ്തു. താത്കാലിക രജിസ്ട്രാറെ വൈസ്ചാൻസലർക്ക് പത്തു ദിവസത്തേക്ക് മാത്രമേ നിയമിക്കാനാവൂ എന്നും അതിനു ശേഷം സിൻഡിക്കേറ്റിന്റെ അനുമതി വേണമെന്നും ഇടത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ രജിസ്ട്രാർ സസ്പെൻഷനിലായ അസാധാരണ സാഹചര്യത്തിലായിരുന്നു മിനി കാപ്പന് ചുമതല നൽകിയതെന്ന് വി.സി വിശദീകരിച്ചു. മിനിയെ മാറ്റണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. സിൻഡിക്കേറ്റ് യോഗം പൂർത്തിയായ ശേഷം മാറ്റാമെന്ന് വി.സി മറുപടി നൽകി. അഡ്‌മിനിസ്ട്രേഷൻ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിന് ചുമതല നൽകണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ വി.സി എതിർത്തു. ഇതോടെയാണ് രശ്മിക്ക് ചുമതല നൽകാൻ തീരുമാനമായത്. വിദേശ സന്ദർശനത്തിന് പോവേണ്ടതിനാൽ രജിസ്ട്രാറുടെ ചുമതല ഒഴിവാക്കണമെന്ന് മിനികാപ്പൻ നേരത്തേ അപേക്ഷ നൽകിയിരുന്നു. ഇത് അംഗീകരിച്ച വി.സി രശ്മിക്ക് ഇന്നലെത്തന്നെ നിയമന ഉത്തരവ് നൽകി. ഉച്ചയ്ക്ക് ശേഷം അവർ ചുമതലയേറ്റു.
രജിസ്ട്രാറുടെ ചുമതല രശ്മിക്ക് നൽകിയതോടെ, ഡോ.അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് ഫലത്തിൽ അംഗീകരിക്കുകയായിരുന്നു. 63ഗവേഷണ ബിരുദങ്ങൾ നൽകുന്നതിനും പി.എം ഉഷ പദ്ധതിയിലെ 100 കോടിയുടെ പ്രോജക്ടുകൾ അംഗീകരിക്കുന്നതിനും വിവിധ ഫെലോഷിപ്പുകൾ തുടരുന്നതിനും സിൻഡിക്കേറ്റ് അനുമതി നൽകി. ഡോ. അനിൽകുമാറിന്റെ സസ്പെൻഷൻ യോഗത്തിൽ ചർച്ചയായില്ല. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതി വാദം കേട്ടശേഷം ഉത്തരവിനായി മാറ്റിവച്ച സാഹചര്യത്തിൽ കോടയിലക്ഷ്യമാവുമെന്ന് വി.സി സിൻഡിക്കേറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |