□സുപ്രീം കോടതി ഉത്തരവും പാലിക്കുന്നില്ല
തൊടുപുഴ: ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സർവശിക്ഷാ കേരളയിലെ സ്‌പെഷ്യൽ എജ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് അവഗണിച്ച് സർക്കാർ.
ഈ മാസം 29നകം ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി നിർദ്ദേശം. നടപടികൾ മെല്ലെപ്പോക്കിലാണ്. കഴിഞ്ഞ മാർച്ച് ഏഴിന്, 12 ആഴ്ചയ്ക്കകം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് ഉത്തരവിട്ടതാണ്. വിധി നടപ്പാക്കാത്തതിനാലാണ് 29 വരെ സമയം നൽകിയത്. ഏഴാം തീയതി അദ്ധ്യാപകരുടെ അപേക്ഷ വിദ്യാഭ്യാസ സെക്രട്ടറി എഴുതി വാങ്ങിയതല്ലാതെ ഇതിൽ തുടർ നടപടികളില്ല. ദീർഘകാലമായി ജോലി ചെയ്യുന്ന താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യമെങ്കിൽ സ്ഥിരം തസ്തിക സൃഷ്ടിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണിത്. സംസ്ഥാനത്ത് പ്രത്യേക പരിഗണന വേണ്ടി വരുന്ന ഒന്നേകാൽ ലക്ഷത്തോളം കുട്ടികളെയാണ് 2700ഓളം സ്‌പെഷ്യൽ എജ്യൂക്കേറ്റർമാർ പഠിപ്പിക്കുന്നത്.
സ്‌ക്രീനിംഗ് കമ്മിറ്റി
നിർജീവം
സുപ്രീം കോടതി വിധി പ്രകാരം നിയമനത്തിനായി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചെങ്കിലും നിർജീവമാണ്. ഭിന്നശേഷി കമ്മിഷണർ, റീഹാബിലിറ്റേഷൻ കൗൺസിലംഗം, വിദ്യാഭ്യാസ
വകുപ്പ് പ്രതിനിധി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
''സ്‌പെഷ്യൽ എജ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ ആശങ്കയുണ്ട്. മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്തണമെന്ന കാര്യം സർക്കാർ പരിഗണിച്ചിട്ടില്ല""
-കെ.വി. അനൂപ്
പ്രസിഡന്റ്, സ്‌പെഷ്യൽ
എജ്യൂ. ഫെഡറേഷൻ
''ആവശ്യപ്പെട്ട മുഴുവൻ രേഖകളും മാസങ്ങൾക്ക് മുമ്പേ കൈമാറിയതാണ്. നിയമനക്കാര്യം സർക്കാരാണ് പരിഗണിക്കേണ്ടത് ""
-ടി.ആർ. രശ്മി,
സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |