കൊല്ലം: പ്രകടന പത്രികയിലെ ഒട്ടുമിക്ക കാര്യങ്ങളും നടപ്പാക്കിയതിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് തിരുവനന്തപുരത്ത് സർക്കാരിന്റെ വാർഷികാഘോഷ സമാപനച്ചടങ്ങിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രകടന പത്രികയിലെ കുറച്ചുകാര്യങ്ങൾ മാത്രമാണ് ഇനി നടപ്പാക്കാൻ ബാക്കിയുള്ളത്. ഒരു വർഷത്തിനുള്ളിൽ അവ യാഥാർത്ഥ്യമാക്കാൻ മുൻഗണന നൽകും. പാർലമെന്ററി ജനാധിപത്യം രാജ്യത്തും ലോകത്തിന്റെ പലയിടങ്ങളിലുമുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ കാര്യങ്ങൾ എത്രകണ്ട് നടപ്പാക്കിയെന്ന് ജനങ്ങളെ ഓരോ വർഷവും അറിയിക്കുന്ന രീതി ഇവിടെയല്ലാതെ മറ്റെവിടെയുമുണ്ടാകില്ല.
പ്രകടനപത്രികയിൽ ഉള്ളത് മാത്രമല്ല, പുതിയ പ്രശ്നങ്ങളും ഏറ്റെടുക്കേണ്ടി വന്നു. ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് ശരിക്കും അനുഭവപ്പെടണമെങ്കിൽ തീരുമാനങ്ങൾ വേഗത്തിലാകണം. കാലതാമസം വരരുത്. കേരളം തകരണമെന്ന് ആഗ്രഹിച്ചവർ നിരാശപ്പെടുന്ന വളർച്ചയാണ് നേടാനായത്.
മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.ബി.ഗണേശ് കുമാർ, ജെ.ചിഞ്ചുറാണി, എം.എൽ.എമാരായ എം.മുകേഷ്, പി.എസ്.സുപാൽ, എം.നൗഷാദ്, ഡോ.സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ, മേയർ ഹണി ബഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, കളക്ടർ എൻ.ദേവിദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |