മലപ്പുറം: യു.ഡി.എഫ് വർഗീയ മുന്നണിയായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വെൽഫെയർ പാർട്ടി അവരുടെ മുന്നണിയിൽ തന്നെയാണ്. എല്ലാ തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് യു.ഡി.എഫ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് അതിനെ മഴവിൽ സഖ്യമെന്ന് ഞങ്ങൾ പൊതുവിൽ പറയുന്നത്.
ഇവിടെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലയിലുമുള്ള വർഗീയവാദികളെയും യു.ഡി.എഫ് കൂട്ടുപിടിക്കുന്നു.
മാത്രമല്ല, അവരെ വെള്ള പൂശുക കൂടിയാണ്. സി.പി.എം മതനിരപേക്ഷ ഉള്ളടക്കത്തോടെയാണ് പ്രവർത്തിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുമായി മുമ്പും ബന്ധം ഉണ്ടായിട്ടില്ല. പി.ഡി.പി സ്വീകരിക്കുന്ന നിലപാട് എൽ.ഡി.എഫ് മുന്നണിയുടെ ഭാഗമായിട്ടല്ല.അഖില ഭാരത ഹിന്ദു മഹാസഭ ആരാണെന്ന് പോലും അറിയില്ല. ഒരു സ്വാമിയും തന്നെ കാണാനും വന്നിട്ടില്ല. പിന്നെ എങ്ങനെ പിന്തുണ സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യു.ഡി.എഫിന് വന്നപ്പോൾ അതിനെ കൗണ്ടർ ചെയ്യാൻ ഏതോ സ്വാമിയുമായി ഇറങ്ങിയിരിക്കുകയാണ്. സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കൈവന്ന അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ പ്രചാരണം കൂടുതൽ സജീവമാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതായുംഹഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |