
കൊച്ചി: കാഷ്യു കോർപ്പറേഷനുമായി ബന്ധപ്പെട്ട കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതിലെ കോടതിഅലക്ഷ്യ കേസ് ഹൈക്കോടതി 17ന് പരിഗണിക്കാൻ മാറ്റി. സർക്കാരിനായി ഹാജരാകുന്ന പ്രോസിക്യൂഷൻസ് ഡയറകടർ ജനറൽ സാവകാശം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി.
കോടതിഅലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ആവശ്യത്തെ കോടതി നേരത്തേ വിമർശിച്ചിരുന്നു. മുൻകാല ഉത്തരവുകൾ വന്നപ്പോൾ എതിർക്കാത്ത സർക്കാരിന് ഇതിൽനിന്ന് പുറത്തുകടക്കാൻ കഴിയുന്നത് എങ്ങനെയെന്നും ചോദിച്ചിരുന്നു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ അധിക സത്യവാങ്മൂലം വിശദമായി വിലയിരുത്തേണ്ടതുണ്ടെന്നും കോടതി നിലപാടെടുത്തു.
കേസിലെ പ്രതികളായ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ എം.ഡി കെ.എ. രതീഷിനെയും വിചാരണ ചെയ്യാനുള്ള അനുമതിക്കായി സി.ബി.ഐ നൽകിയ അപേക്ഷ സർക്കാർ മൂന്നുതവണ തള്ളിയിരുന്നു. ഇത് കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് ഉപഹർജി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |