തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പട്ടികജാതി ജീവനക്കാരിയോട് ജാതിയ അധിക്ഷേപം. സ്ഥലംമാറി പോയപ്പോൾ സീറ്രിൽ ശുദ്ധിക്കലശം. അസിസ്റ്റന്റ് തസ്തികയിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് ആക്ഷേപം. വിവാദം കൊഴുക്കവേ അന്വേഷണം തുടങ്ങി കന്റോൺമെന്റ് പൊലീസ്. കോന്നി സ്വദേശിയായ ജീവനക്കാരി മേയ് 30ന് നൽകിയ പരാതിയിൽ എസ്.സി/ എസ്.ടി കമ്മിഷൻ റിപ്പോർട്ട് തേടിയതിനെ തുടർന്നാണിത്. പൊതുഭരണ വകുപ്പ് സെക്രട്ടറിയോടും 20 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
സി.പി.എം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ ഭാരവാഹിയാണ് ആരോപണ വിധേയൻ. പരാതിക്കാരിയും സംഘടനയിലെ അംഗമാണ്. സെക്രട്ടേറിയറ്റിലെ ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിൽ ഓഫീസ് അറ്റൻഡന്റായിരുന്ന ജീവനക്കാരിയാണ് പരാതി നൽകിയത്.
ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലേക്ക് സ്ഥലംമാറിയപ്പോൾ താൻ ഉപയോഗിച്ച മേശയും കസേരയും നീക്കംചെയ്ത് ശുദ്ധികലശം നടത്തിയെന്ന് ആരോപണ വിധേയൻ സഹപ്രവർത്തകരോട് പറഞ്ഞെന്നാണ് പരാതിയിൽ. മറന്നുവച്ച ബാഗ് എടുക്കാൻ പഴയ ഓഫീസിലെത്തിയപ്പോഴായിരുന്നു ഇത് കേട്ടത്. ജാതീയമായി അധിക്ഷേപിച്ചെന്ന് കാട്ടിയാണ് പരാതി.
സ്ഥലം മാറിപ്പോകുന്നതുവരെ എതിർകക്ഷി തന്നോട് ദേഷ്യത്തിലാണ് പെരുമാറിയിരുന്നതെന്നും പരാതിയിലുണ്ട്. അത് തസ്തിക വ്യത്യാസം കൊണ്ടാണെന്നാണ് കരുതിയിരുന്നത്. ഓഫീസ് ആവശ്യത്തിനുള്ള ചില പ്രിന്റൗട്ടുകൾ കൈമാറിയപ്പോൾ അത് വാങ്ങാതെ ദേഷ്യപ്പെട്ടു. അത് ജാതീയമായ പ്രശ്നമാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പരാതിക്കാരി ഉന്നയിച്ച സംഭവം സെക്രട്ടേറിയറ്റിൽ ഉണ്ടായിട്ടില്ലെന്ന് ആരോപണ വിധേയൻ പറഞ്ഞു. വ്യാജ പരാതിയിലൂടെ കരിവാരിത്തേക്കാനാണ് ശ്രമം. ആരെയും ജാതീയമായോ വ്യക്തിപരമായോ അധിക്ഷേപിച്ചിട്ടില്ല. മാനനഷ്ടത്തിന് കേസ് നൽകും.
പരാതി വ്യാജമെന്ന് സംഘടന
ഇങ്ങനെയൊരു സംഭവമുണ്ടായതായി ജീവനക്കാരി സംഘടനയെ അറിയിച്ചിട്ടില്ലെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ഹണി. സംഭവമുണ്ടായതായി വകുപ്പിലുള്ളവരും പറഞ്ഞിട്ടില്ല. വകുപ്പുതലത്തിലും പരാതി നൽകിയതായി അറിവില്ല. കള്ളപ്പരാതിയെന്ന് സംശയിക്കുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനോട് പരാതിക്കാരിക്ക് വ്യക്തിവൈരാഗ്യമുണ്ടെന്നും സംശയിക്കുന്നു. സ്ഥലംമാറ്റത്തിന് പിന്നിൽ ഈ ഉദ്യോഗസ്ഥനാണെന്ന് ഇവർ ആരോപിച്ചിട്ടുണ്ട്.
റിപ്പോർട്ട് വൈകാതെ
പ്രാഥമിക അന്വേഷണമാണ് നടക്കുന്നതെന്ന് കന്റോൺമെന്റ് പൊലീസ്. എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വസ്തുതയുണ്ടെന്ന് കണ്ടെത്തിയാൽ കേസെടുക്കും. അന്വേഷണ റിപ്പോർട്ട് വൈകാതെ കമ്മിഷന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |