
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന അപഹാസ്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉയര്‍ന്നുവന്ന പരാതിയ്ക്ക് പിന്നില്‍ 'ലീഗല്‍ ബ്രെയിന്‍' ഉണ്ടെന്നും ഗൂഢാലോചനയുണ്ടെന്നും പറയുന്നത് കുറ്റങ്ങളെ വെള്ള പൂശാനുള്ള പാഴ്ശ്രമമാണ്.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ഒരു പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുകയെന്നത് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്തമാണ്. അതിനെ ഗൂഢാലോചനയായി ചിത്രീകരിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പരാതി നല്‍കിയവരെയും അതിന് പിന്നിലെ നിയമവശങ്ങളെയും ഭയക്കുന്നത് എന്തിനാണ്? സ്വന്തം ഭാഗത്ത് ന്യായമുണ്ടെങ്കില്‍ ഏത് 'ലീഗല്‍ ബ്രെയിനി'നെയും നേരിടാന്‍ കെപിസിസിക്ക് സാധിക്കണം. സുതാര്യത ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവിടെ രാഷ്ട്രീയം നോക്കി നടപടി സ്വീകരിക്കുന്ന രീതി ഈ സര്‍ക്കാരിനില്ല. തെറ്റ് ചെയ്തവര്‍ ആരായാലും നടപടി നേരിടേണ്ടി വരും. പുകമറ സൃഷ്ടിച്ച് യഥാര്‍ത്ഥ വിഷയം വഴിതിരിച്ചുവിടാനുള്ള കെപിസിസി പ്രസിഡന്റിന്റെ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |