കോട്ടയം : ഇടതുമുന്നണിയിൽ സമ്മർദ്ദം ചെലുത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടാൻ കേരള കോൺഗ്രസ് (എം). കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകൾക്കുള്ള ശക്തിയും, അർഹതയും ഇപ്പോഴുണ്ടെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ജില്ലാ തലത്തിൽ എൽ.ഡി.എഫ് നേതൃത്വവുമായി ചർച്ച ചെയ്ത് കൂടുതൽ സീറ്റ് നേടിയെടുക്കുന്നതിന് ജില്ലാ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തി. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ലഭിക്കേണ്ട സീറ്റുകളുടെ ലിസ്റ്റും ചർച്ചയായി. വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നതിന് സംസ്ഥാന - ജില്ലാ ഭാരവാഹികൾക്ക് പ്രത്യേക ചുമതലകൾ നൽകും. അജണ്ടയിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരാജയം വിഷയമായിട്ടും സി.പി.എമ്മിനെതിരെ വിമർശനം ഉയരാതിരിക്കാൻ ചെയർമാൻ ജോസ് കെ.മാണി ശ്രദ്ധിച്ചു. ജനവിധി യു.ഡിഎഫിന്റെ രാഷ്ട്രീയ വിജയമായി കാണുന്നില്ലെന്നും, തുടർഭരണ സാദ്ധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ, വൈസ് ചെയർമാന്മാരായ ഡോ. എൻ.ജയരാജ്, തോമസ് ചാഴികാടൻ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, പാർട്ടി എം.എൽഎമാർ എന്നിവർ പങ്കെടുത്തു
യു.ഡി.എഫ് ക്ഷണം
ആത്മവിശ്വാസമില്ലായ്മ
യു.ഡി.എഫ് നേതാക്കളുടെ ആത്മവിശ്വാസമില്ലായ്മയാണ് മുന്നണി വിപുലീകരണ പ്രസ്താവനകളെന്ന് ജോസ് കെ.മാണി. യു.ഡിഎഫ് നേതൃത്വം അപമാനിച്ച് പുറത്താക്കിയ ഞങ്ങൾക്ക് ഇടതുമുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. അടിയന്തര പരിഹാരം കാണേണ്ട കർഷക പ്രശ്‌നങ്ങളും, മലയോര ജനതയുടെ ആവശ്യങ്ങളും പഠിക്കുന്നതിന് പാർട്ടി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും. റിപ്പോർട്ട് ഇടതുമുന്നണി നേതൃത്വത്തിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |