□കെ.പി.സി.സി പുന:സംഘടന വേഗത്തിലാക്കും
തിരുവനനന്തപുരം: നിലമ്പൂരിൽ യു.ഡി.എഫിനെ വെട്ടിലാക്കിയ പി.വി.അൻവറിനെ മുന്നണിയിൽ ഉടൻ എടുക്കേണ്ടെന്ന കാര്യത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പൊതുവികാരം. തൽക്കാലം ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യേണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വേണമെങ്കിൽ ആലോചിക്കാമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ, അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കെ.പി.സിസി പുന:സംഘടനാ നടപടികൾ വേഗത്തിലാക്കണമെന്നും ധാരണയായി. സമ്പൂർണ്ണമായി മാറ്റിയില്ലെങ്കിലും അത്യാവശ്യം വേണ്ട മാറ്റങ്ങൾ വേണമെന്ന് അംഗങ്ങൾ നിർദ്ദേശിച്ചു. ഇതിനുള്ള ചർച്ചകൾ തുടങ്ങാനും തീരുമാനമായി . ഡി.സി.സി പുനഃസംഘടനയും വൈകാതെ ഉണ്ടാവും. മാറ്റങ്ങൾ വരുത്തുന്നെങ്കിൽ വേഗത്തിലാവണമെന്നും, അല്ലെങ്കിൽ തത്കാലം മാറ്റാതിരിക്കുകയാവും നല്ലതെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെയും വിമർശങ്ങൾ ഉയർന്നു. നിരന്തരം പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തരൂരിന്റെ കാര്യത്തിൽ തീരുമാനം വേണമെന്ന ആവശ്യമുയർന്നു. ഷാനിമോൾ ഉസ്മാനും രമേശ് ചെന്നിത്തലയുമാണ് ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. നിരന്തരം പ്രതിസന്ധിയുണ്ടാക്കുന്നതിനോട് വിയോജിപ്പുണ്ടെങ്കിലും തരൂരിനെ ചേർത്തു നിറുത്തണമെന്ന് ചെന്നിത്തല പറഞ്ഞു.
'എന്നെക്കുറിച്ച് ആർക്കും പേടി വേണ്ട, പാർട്ടിയെ മോശമാക്കുന്ന ഒരു കാര്യവും എന്നിൽ നിന്നുണ്ടാവില്ല. ഇതിനേക്കാൾ മോശം അവസ്ഥ മുമ്പുണ്ടായിട്ടും ഞാൻ ഒന്നും പറഞ്ഞിട്ടില്ല'- ചെന്നിത്തല വിശദമാക്കി.
മലപ്പുറം ഡിസിസി പ്രസിഡന്റ് വി .എസ് ജോയിയെ യോഗത്തിൽ പ്രശംസിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നിട്ടും മികച്ച പ്രവർത്തനമാണ് ജോയ് നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ .സി വേണുഗോപാൽ , ദീപാദാസ് മുൻഷി, സെക്രട്ടറിമാരായ അറിവഴകൻ, പി.വി.മോഹനൻ, മൻസൂർ അലിഖാൻ എന്നിവരും പങ്കെടുത്തു.
സർക്കാർ തിരുത്തലുകൾ വരുത്തണം: സണ്ണി ജോസഫ്
നിലമ്പൂർ ജനവിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ ചില കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. വിലക്കയറ്റം, വന്യജീവിശല്യം പോലുള്ള പ്രശ്നങ്ങളിൽ അടിയന്തരപരിഹാരം വേണം. ആശാ വർക്കർമാരുടെ സമരത്തിന് ന്യായമായ പരിഹാരമുണ്ടാവണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവരുടെ അഭിപ്രായവ്യത്യാസമാണ് ചർച്ചയായത്.
യു.ഡി.എഫ് വിജയം സമ്പൂർണമാണ്. രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റാനുള്ള ഗവർണറുടെ ശ്രമം അപലപനീയമാണ്. ഉമ്മൻചാണ്ടിയുടെ ചരമദിനമായ ദിനമായ ജൂലായ് 18ന് വിവിധ സേവന പരിപാടികളോടെ കോൺഗ്രസ് ദിനാചരണം സംഘടിപ്പിക്കും.ക്യാപ്റ്റൻ, മേജർ എന്നീ വിശേഷണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് 'ഐ ആം എ സോൾജിയർ" എന്നായിരുന്നു സണ്ണിജോസഫിന്റെ മറുപടി.
ചെന്നിത്തലയെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
നിലമ്പൂരിലെ വിജയത്തിന് പിന്നാലെ കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ വിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും നോക്കരുതെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഉണ്ണിത്താൻ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണ്. കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമാണ് വിജയത്തിൽ നിർണ്ണായക പങ്കുള്ളത്. പ്രസ്ഥാനമാണ് വലുതെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മനസിലാക്കണം. ഷാഫിക്കും രാഹുലിനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിന്താഗതിയാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |