ഇഷ്ടക്കാരെ തിരുകികയറ്റിയാൽ കോടതിയിൽ തിരിച്ചടി നേരിടാം
തീരുമാനം നാളത്തെ മന്ത്രിസഭായോഗത്തിൽ
തിരുവനന്തപുരം: യു.പി.എസ്.സി നൽകിയ ലിസ്റ്റിൽ നിന്നുതന്നെ സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ നിയമിക്കേണ്ടിവരുമെന്ന്
സർക്കാരിന് നിയമോപദേശം ലഭിച്ചു. യു.പി.എസ്.സി പട്ടിക തന്നതിനാൽ അതിൽ നിന്ന് നിയമനം നടത്തണമെന്നാണ് നിയമോപദേശം.
നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്.
അതേസമയം, മൂന്നുപേരും ആഭിമുഖ്യമുള്ളവരല്ലാത്തതിനാൽ താത്പര്യമുള്ള ഉദ്യോഗസ്ഥന് ചുമതല നൽകി ഇൻചാർജ് ഭരണത്തിനാണ് സർക്കാർ ആലോചിക്കുന്നത്. മേധാവിയുടെ നിയമനം നാളെ രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിക്കും. നിലവിലെ മേധാവി ഷെയ്ക്ക് ദർബേഷ് സാഹിബ് വിരമിക്കുന്ന നാളെത്തന്നെ പുതിയ മേധാവി ചുമതലയേൽക്കേണ്ടതുണ്ട്. ബംഗാൾ,യു.പി,പഞ്ചാബ്,തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പൊലീസ് മേധാവി സ്ഥാനത്ത് 'ഇൻ ചാർജ്ജ്'മാരെ നിയമിച്ചിട്ടുണ്ട്. ഇതിന്റെ പിൻബലത്തിലാണ് എ.ജിയോടും സുപ്രീകോടതി അഭിഭാഷകരോടും നിയമ ഉപദേശം തേടിയത്.
മനോജ് എബ്രഹാമിനെയോ അജിത് കുമാറിനെയോ ചുമതലയിൽ കൊണ്ടുവരാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്. നിലവിൽ ആക്ടിംഗ് മേധാവിമാരുള്ളത് യു.പിയിലും തെലങ്കാനയിലുമാണ്. ഉത്തർപ്രദേശിൽ 2022 മേയ് മുതൽ അഞ്ചു തവണയായി 'ഇൻ ചാർജ്' മേധാവിമാരാണ്.
മൂന്നു ചോദ്യം
1. ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതെല്ലാം സാഹചര്യത്തിലാണ് ഇൻ ചാർജ് നിയമനം നടന്നത്?
2. അതിനുള്ള സാദ്ധ്യത ഈ സംസ്ഥാനങ്ങൾ കണ്ടെത്തിയത് എങ്ങനെ?
3.ഇങ്ങനെ നിയമിച്ചാൽ സംസ്ഥാന സർക്കാരിന്റെ വാദം കോടതിയിൽ നിലനിൽക്കുമോ?
ഈ മൂന്നു കാര്യങ്ങളിലാണ് നിയമോപദേശം തേടിയത്.
ചോദിച്ചുവാങ്ങിയ
പട്ടിക വെട്ടിലാക്കി
ഇൻ ചാർജ് ഭരണം ഏർപ്പെടുത്തിയ സംസ്ഥാനങ്ങൾ നിയമനം ആവശ്യപ്പെട്ട് യു.പി.എസ്.സിക്ക് കത്തു നൽകുകയോ പട്ടിക അയച്ചുകൊടുക്കുകയോ ചെയ്തിരുന്നില്ല. പകരം ചുമതല മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.
കേരള സർക്കാർ നിയമനം ആവശ്യപ്പെട്ട് കത്തു നൽകുകയും ആറുപേരുടെ പട്ടിക നൽകുകയും ചെയ്തു. അതു പ്രകാരം ലഭ്യമായ മൂന്നു പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണം. മറിച്ചായാൽ, കോടതി അസാധുവാക്കാൻ സാദ്ധ്യതയുണ്ട്.
ഒന്നാം പിണറായി സർക്കാർ സെൻകുമാറിനെ മാറ്റിയെങ്കിലും അദ്ദേഹം നിയമയുദ്ധം നടത്തി പദവി തിരിച്ചുപിടിച്ചിരുന്നു
ഇഷ്ടക്കേടിനു പിന്നിൽ
റവാഡ ചന്ദ്രശേഖർ: കൂത്തുപറമ്പ് വെടിവയ്പ് നടന്നപ്പോൾ എ.എസ്.പിയായിരുന്നു
യോഗേഷ് ഗുപ്ത: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ സ്വത്ത് സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കാൻ ശുപാർശ നൽകിയതടക്കം അഹിതമായ നിലപാടുകൾ
നിധിൻ അഗർവാൾ: ദീർഘകാലം കേന്ദ്ര ഡെപ്യൂട്ടേഷനിൽ ആയതിനാൽ അവരുടെ വിശ്വസ്തനെന്ന് സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |