തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബയുടെ ചിത്രത്തോടുകൂടി നടത്തിയ പരിപാടി തടയാൻ ശ്രമിച്ച യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിനോട് ഗവർണറുടെ നിർദ്ദേശ പ്രകാരം വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വിശദീകരണം തേടി.
ഔദ്യോഗിക പരിപാടികളിൽ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഗവർണർ നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തു നൽകിയതിന് പിന്നാലെയാണിത്. രാജ്ഭവനിൽ ഭാരതാംബ ചിത്രം ഉപയോഗിച്ചതിൽ പ്രതിഷേധിച്ച്, മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയതിനെതിരെ രാജ്ഭവനും സർക്കാരിന് കത്തു നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. ഗവർണറുടെ നിലപാടറിഞ്ഞശേഷം തുടർനടപടിയെടുക്കുമെന്നാണ് വിവരം. കാര്യങ്ങൾ വഷളാക്കാതെ നോക്കാനാണ് ശ്രമം. എന്നാൽ ഗവർണർ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് സൂചന.
സെനറ്റ് ഹാളിൽ താൻ പങ്കെടുത്ത ചടങ്ങ് വൈകാനും അവസാനനിമിഷം അനുമതി റദ്ദാക്കാനും ഇടയായ സാഹചര്യം വിശദീകരിക്കാനാണ് ഗവർണർ ആർ.വി.ആർലേക്കർ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലനോട് ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |