കൊച്ചി: വികസന കേരളത്തിന് പുതിയ തലപ്പൊക്കം സമ്മാനിച്ച് കൊച്ചി സ്മാർട്ട് സിറ്റിയിൽ ലുലു ഗ്രൂപ്പിന്റെ ഐ.ടി ട്വിൻ ടവറുകൾ തുറന്നു. ഐ.ടി. പ്രൊഫഷണലുകൾക്ക് 30,000 തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇരട്ടസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. 1,500 കോടി മുതൽ മുടക്കുള്ള പദ്ധതിയാണിത്.
പുതിയ ട്വിൻ ടവറുകൾ മലയാളി തൊഴിലന്വേഷകർക്ക് സഹായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൻഫോപാർക്ക് ഫേസ്-2വിൽ 500 കോടിയുടെ ഒരു ഐ.ടി ടവർ കൂടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വാഗ്ദാനം നൽകിയിട്ടുണ്ട്. മൂന്നര ഏക്കറിൽ 9 ലക്ഷം ചതുരശ്ര അടിയിലാണ് നിർമ്മാണം. 7,500 പേർക്ക് ഇവിടെ ജോലി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിന് സമ്പൂർണ പിൻതുണ എന്നതാണ് പ്രതിപക്ഷ നയമെന്ന് സതീശൻ പറഞ്ഞു. വികസനകാര്യത്തിൽ ഭരണ-പ്രതിപക്ഷ സമവായം കൈവന്നതാണ് ഏറ്റവും പോസിറ്റീവായി കാണുന്നതെന്ന് ആമുഖപ്രഭാഷണത്തിൽ എം.എ. യൂസഫലി പറഞ്ഞു. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമം തൊഴിൽ നൽകുന്നതാണെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. അതാണ് താൻ പാലിക്കുന്ന തത്വമെന്നും യൂസഫലി പറഞ്ഞു.
തൊഴിലന്വേഷകരുടെ 'റിവേഴ്സ് മൈഗ്രേഷൻ" ഉണ്ടാകുന്ന വിധം കേരളം വളരുകയാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. കളമശേരിയിലെ ഭക്ഷ്യ സംസ്കരണ പാർക്കിൽ നിക്ഷേപം നടത്താൻ ലുലു തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,ഹൈബി ഈഡൻ എം.പി,എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി,ഉമ തോമസ്,തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള,കൗൺസിലർ അബ്ദു ഷാന,ലുലു എക്സി. ഡയറക്ടർ എം.എ. അഷ്‌റഫലി,ഐ.ടി പാർക്സ് ഡയറക്ടർ അഭിലാഷ് വലിയവളപ്പിൽ,ഹാരിസ് ബീരാൻ എം.പി,ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവരും വ്യവസായ പ്രമുഖരും പങ്കെടുത്തു.
ദക്ഷിണേന്ത്യയിലെ
വലിയ ഐ.ടി ടവർ
152 മീറ്ററാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ലുലു ഐ.ടി ടവറുകളുടെ ഉയരം. 30 നിലകൾ വീതം. വലിപ്പത്തിലും ഉയരത്തിലും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സമുച്ചയം. ക്യാമ്പസ് വിസ്തൃതി 12.74 ഏക്കർ. നേരത്തേ പ്രവർത്തനം തുടങ്ങിയ ലുലു സൈബർ പാർക്കിന്റെ ഒന്നും രണ്ടും സമച്ചയങ്ങളും തൊട്ടടുത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |