കൊല്ലം: പ്രമുഖ അഭിഭാഷകനെയും മുൻ ബാങ്ക് ഓഫീസറായ മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടപ്പാക്കട അക്ഷയ നഗർ 29ൽ അഡ്വ. പി.ശ്രീനിവാസ പിള്ള (79), മകൻ വിഷ്ണു എസ്. പിള്ള (42) എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.
വിഷ്ണുവും മാതാപിതാക്കളും തമ്മിൽ വീട്ടിൽ പ്രശ്നങ്ങൾ പതിവായിരുന്നു. അമ്മ രമ, മകൾ വിദ്യക്കൊപ്പം തിരുവനന്തപുരത്താണ് താമസം. ഇടയ്ക്ക് വീട്ടിലെത്തിയ രമ മൂന്നാഴ്ച മുമ്പ് തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മുതൽ വിളിച്ചിട്ടും ഇരുവരും ഫോൺ എടുത്തില്ല. വിദ്യയും ഭർത്താവും രമയും ഇന്നലെ ഉച്ചയോടെ കൊല്ലത്തെ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോൾ ശ്രീനിവാസപിള്ളയെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടു. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ വിഷ്ണുവിന്റെ മൃതദേഹം കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
വിഷ്ണുവിന്റെ തലയുടെ പിൻഭാഗത്ത് മുറിവുണ്ട്. രക്തം പുരണ്ട വെട്ടുകത്തി സമീപത്ത് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാകാം കൊലപാതകവും ആത്മഹത്യയും നടന്നതെന്ന് സംശയിക്കുന്നു. കൊല്ലം ഈസ്റ്റ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വിവാഹബന്ധം തകർന്നു;
ഉയർന്ന ജോലി ഉപേക്ഷിച്ചു
വിഷ്ണു എം.ടെക് ബിരുദധാരിയാണ്. എസ്.ബി.ഐയിൽ പ്രൊബേഷൻ ഓഫീസറായി ജോലി ലഭിച്ചതിന് പിന്നാലെ വിവാഹിതനായെങ്കിലും ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. പിന്നീട് രജിസ്റ്റർ വിവാഹം ചെയ്ത യുവതിയും ബന്ധം ഉപേക്ഷിച്ചു. എസ്.ബി.ഐയിലെ ജോലി രാജിവച്ച ശേഷം സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ വിഷ്ണു തുടങ്ങി. ഒപ്പം എം.ബി.എ അടക്കം കോഴ്സുകളും പാസായി. വിഷ്ണു ചോദിക്കുമ്പോഴെല്ലാം ശ്രീനിവാസപിള്ള പണം നൽകുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. വിവിധ സംരംഭങ്ങളുടെ ബോർഡുകൾ രണ്ട് നില വീടിന്റെ ഭിത്തിയിൽ പലഘട്ടങ്ങളിൽ സ്ഥാപിച്ചെങ്കിലും ഒന്നും തുടങ്ങിയില്ല. വീടിന് മുന്നിൽ വെയർഹൗസ് നിർമ്മിക്കാൻ ഇരുമ്പ് തൂണുകൾ അടക്കം വാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |