ആലപ്പുഴ: മുതിർന്ന പൗരന്മാരുടെ പരാതികൾക്ക് വേഗം പരിഹാരമെന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ ഓൺലൈൻ പദ്ധതി ഈ വർഷം ആരംഭിക്കും. പരാതികൾ വർദ്ധിച്ചതിനാലാണ് സാമൂഹ്യനീതി വകുപ്പ് കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് ഓൺലൈൻ സേവനത്തിന് തുടക്കമിടുന്നത്.
കാസർകോട്,ഒറ്റപ്പാലം,ഇടുക്കി എന്നിവിടങ്ങളിൽ ഓൺലൈൻ സേവനത്തിന്റെ പൈലറ്റ് പദ്ധതി ഇതിനകം ആരംഭിച്ചു. ഇതിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ പരിഹരിച്ചാവും സംസ്ഥാനത്ത് നടപ്പാക്കുക. മുതിർന്ന പൗരന്മാരുടെ പരാതിപരിഹാര ട്രൈബ്യൂണലുകൾ റവന്യു ഡിവിഷണൽ ഓഫീസർമാരാണ്. പലർക്കും നേരിട്ട് പരാതി നൽകുന്നതിൽ ബുദ്ധമുട്ടുണ്ട്. മാത്രമല്ല,പരാതികൾ തപാലിൽ അയച്ച് പരിഹാരം കാണുന്നതിൽ കാലതാമസവുമുണ്ട്. ഇതിനെല്ലാം കേസ് ട്രാക്കിംഗ് സോഫ്റ്റ്‌വെയർ പരിഹാരമാകും.
ഓരോഘട്ടവും അറിയാം
മുതിർന്ന പൗരന്മാർക്ക് സ്വന്തമായോ,അക്ഷയ കേന്ദ്രങ്ങൾ വഴിയോ പരാതി നൽകാം. പൈലറ്റ് പദ്ധതി വിജയിച്ച ശേഷം സോഫ്റ്റ്‌വെയറിന്റെ ലിങ്ക് പ്രസിദ്ധീകരിക്കും. സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും ലിങ്കുണ്ടാവും
ഹിയറിംഗ് ഓൺലൈനായി. തീയതി പരാതിക്കാരനും എതിർകക്ഷിക്കും ഇ-മെയിലിലോ ഫോണിലൂടെയോ ലഭിക്കും. പരാതിയുടെ ഓരോഘട്ടം വെബ്സൈറ്റിലൂടെ പരാതിക്കാരന് അറിയാനാവും
വിധി പകർപ്പുകളും ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. ജില്ലാകളക്ടർമാർക്കും പ്രത്യേക ലോഗിനുണ്ടാവും. ഇതിലൂടെ കേസിൽ നടപടിയെടുക്കാം.
അടുത്ത ഘട്ടത്തിൽ വില്ലേജ് ഓഫീസുകളിൽ നിന്ന് നോട്ടീസ് അയയ്ക്കുന്നതിനുള്ള സംവിധാനം ഓൺലൈനിലൂടെ ആരംഭിക്കും. സുരക്ഷാ ഓഡിറ്റിംഗിന് ശേഷം ഈ വർഷം പദ്ധതി നടപ്പാക്കും
മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഓൺലൈനിലൂടെ പരാതി നൽകുന്നതിലെ പല ബുദ്ധിമുട്ടുകൾക്കും പരിഹാരമാകും
-അരുൺ എസ്. നായർ
ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |