രേഖയില്ലെങ്കിൽ ഇടക്കാല വിധിപോലും പാടില്ല
കൊച്ചി: വാഹനാപകട നഷ്ടപരിഹാരത്തിന് ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിക്കുന്നവർ ആധാർ, പാൻ, ഇ-മെയിൽ വിവരങ്ങളും ബാങ്ക് അക്കൗണ്ട് രേഖകളും നിർബന്ധമായും സമർപ്പിക്കണം. സുപ്രീംകോടതി ഉത്തരവാണ് കേരളത്തിലും പ്രാബല്യത്തിലാക്കിയത്. നഷ്ടപരിഹാരം അനുവദിക്കുന്നതിന് മുമ്പും ശേഷവും കോടതികളും കക്ഷികളും സ്വീകരിക്കേണ്ട നടപടിക്രമങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റവർ, മരിച്ചവരുടെ പിൻതുടർച്ചക്കാർ, നാശനഷ്ടമുണ്ടായ വസ്തുക്കളുടെ ഉടമകൾ, കക്ഷിചേരുന്നവർ എന്നിവർക്കെല്ലാം ഇവ ബാധകമാണ്. കേരള മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള രേഖകൾക്ക് പുറമേയാണിത്.
ഫയലിംഗ് സമയത്ത് ഈ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിൽ ട്രൈബ്യൂണൽ സമയക്രമം നിശ്ചയിക്കണം. ഇത്തരം രേഖകൾ ഇല്ലാത്തവർക്ക് അനുവദിച്ചുകിട്ടാൻ നിയമസഹായ അതോറിറ്റി സഹായിക്കും. രേഖകൾ സമർപ്പിക്കാത്ത കേസുകളിൽ, അത് ലഭ്യമാക്കുംവരെ ഇടക്കാല നഷ്ടപരിഹാരമോ ഉത്തരവോ പാടില്ല. ട്രൈബ്യൂണൽ ഓഫീസിൽ നിന്ന് നോട്ടീസുകളും അയയ്‌ക്കരുത്.
വിചാരണയ്ക്കോ ഇടക്കാല ഉത്തരവിനോ മുമ്പ് എം.എ.സി.ടി കോടതികൾ പരാതിക്കാരെ വിളിപ്പിക്കും. അപ്പോൾ ബാങ്ക് അക്കൗണ്ട് രേഖകളും ബാങ്കിന്റെ സാക്ഷ്യപത്രം/ക്യാൻസൽ ചെയ്ത ചെക്ക് ലീഫ് സമർപ്പിക്കണം. അക്കൗണ്ട് നമ്പറിലോ ഇ-മെയിൽ വിലാസത്തിലോ മാറ്റമുള്ളവരും അറിയിക്കണം. കുടുംബാംഗമല്ലാത്തവരുമായി ജോയിന്റ് അക്കൗണ്ടാണെങ്കിൽ സ്വീകാര്യമല്ല. ലോക്അദാലത്തുകളിൽ തീർപ്പാക്കുന്ന കേസുകൾക്കും നിർദ്ദേശങ്ങൾ ബാധകമാണ്.
മൂന്നാംകക്ഷിക്ക് അവകാശം
ഉറപ്പിച്ചിട്ടേ തുക നൽകാവൂ
അപേക്ഷകൻ മൈനറാണെങ്കിൽ രക്ഷിതാവിന്റെ പേര് ചേർത്ത് അക്കൗണ്ടെടുക്കണം
നഷ്ടപരിഹാരം വാങ്ങുന്നത് മൂന്നാംകക്ഷിയാണെങ്കിൽ അവകാശം ഉറപ്പിച്ചിട്ടേ തുക കൈമാറാവൂ
തുക കൈപ്പറ്റും മുമ്പ് ആശ്രിതൻ മരിച്ചാൽ പിൻതുടർച്ചക്കാരുടെ രേഖകൾ പരിശോധിച്ച് തുടർനടപടിയെടുക്കണം
നഷ്ടപരിഹാരം ഏറ്റുവാങ്ങാൻ ആരും എത്തിയില്ലെങ്കിൽ ട്രൈബ്യൂണൽ ഇക്കാര്യം ഹൈക്കോടതി രജിസ്ട്രിക്ക് റിപ്പോർട്ട് ചെയ്യണം
എം.എ.സി.ടി വെബ്സൈറ്റുകളിലും ഇൻഷ്വറൻസ്, ട്രാൻപോർട്ട് കമ്പനി സൈറ്റുകളിലുമടക്കം നടപടിക്രമങ്ങൾ പരസ്യപ്പെടുത്തണം
ഇന്ത്യയിലെ എം.എ.സി.ടി
കേസുകൾ
തീർപ്പാകാനുള്ളത്
10,46,000
ആകെ ക്ലെയിം
80,450 കോടി രൂപ
കേരളത്തിൽ
(വാഹനാപകടങ്ങൾ, മരണം, പരിക്ക്)
2024: 48834, 3880, 54796
2025 (ജൂലായ് വരെ): 28724, 2017, 32569
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |