
നെടുമങ്ങാട്/തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ പ്രഥമ പരിഗണന പൊതുജനങ്ങൾക്ക് തന്നെയാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചില പരാതികൾ ഉയർന്നിരുന്നു. ഇതു പരിഹരിക്കാൻ ഉത്തരവാദിത്ത പൂർണമായ നടപടികൾ ഉണ്ടാകും. പത്തു വർഷത്തിനുള്ളിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. 2016ന് മുമ്പ് ആരോഗ്യ രംഗത്തുൾപ്പെടെ തകർച്ചയായിരുന്നു. തകരാത്ത ഒരു മേഖലയുമുണ്ടായിരുന്നില്ല. ആധുനിക കാലത്തെ രോഗങ്ങൾക്കെല്ലാം ചികിത്സ നൽകാനുള്ള കേന്ദ്രങ്ങളായി സർക്കാർ ആശുപത്രികൾ മാറി. കോവിഡ് കാലം അത് തെളിയിച്ചതാണ്. എല്ലാ ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കി. എല്ലാ പ്രദേശങ്ങളിലും ആശുപത്രികൾ ജനസൗഹൃദമായി. നവജാത ശിശുമരണ നിരക്കിൽ അഭിമാനകരമായ സ്ഥാനത്താണ് കേരളം. ഇതാണ് നമ്മുടെ നാട് നേടിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി,നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ.ജയദേവൻ, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ,ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന , ആർ.ഡി.ഒ ജയകുമാർ കെ.പി, നഗരസഭ വൈസ് ചെയർപേഴ്‌സൺ ലക്ഷ്മി സുരാജ്,ബ്ലോക്ക് പ്രസിഡന്റ് ആർ.വൈജുകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.എസ്.ബിജു,സി.സാബു,സി.പി.എം ഏരിയാസെക്രട്ടറി കെ.പി.പ്രമോഷ്,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.
കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം: ഗോവിന്ദൻ
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ആർട്ടറി ഫോഴ്സെപ്സ് (കത്രിക) ഉപേക്ഷിക്കപ്പെട്ട സംഭവം വളരെ ഒറ്റപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ . ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ പാടില്ലെന്നും ആവർത്തിക്കാതിരിക്കാൻ ഓരോ വകുപ്പും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഒന്നോ രണ്ടോ സംഭവം ചൂണ്ടിക്കാട്ടി ആരോഗ്യമേഖല മൊത്തം പരാജയമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |