
കൊല്ലം: മുറ്റത്ത് 18 ആനകളുടെ തലയെടുപ്പുണ്ടെങ്കിലും പരവൂർ പുത്തൻകുളം കാവേരിയിൽ പ്രമീള ഷാജിക്ക് പശുക്കളും ആടുകളുമാണ് ജീവൻ. 200 പശുക്കൾ, അഞ്ച് എരുമകൾ, എട്ടു പോത്തുകൾ, 100 ആടുകൾ എന്നിവയെയാണ് പ്രമീള പരിപാലിക്കുന്നത്. കോഴിയും താറാവും ടർക്കിയുമൊക്കെ വേറെ. ഇവയ്ക്കായി വീടിന് മുന്നിൽ അത്യാധുനിക ഫാമുമൊരുക്കി.
ഭർത്താവ് പുത്തൻകുളം ഷാജിക്ക് 18 ആനകളുണ്ട്. ഷാജിയുടെ അച്ഛൻ വിശ്വംഭരനും ആനകളുണ്ടായിരുന്നു. ഇത്തവണത്തെ മികച്ച വനിതാ കർഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ഈ 54കാരിയെ തേടിയെത്തിയിരുന്നു. ആനകളെ ഇഷ്ടമാണെങ്കിലും കുട്ടിക്കാലം മുതലേ പശുവിനോടും ആടിനോടുമായിരുന്നു പ്രമീളയ്ക്ക് വാത്സല്യം. തങ്ങൾക്കൊപ്പം കഷ്ടപ്പെടുന്ന ഗൃഹനാഥ തൊഴിലാളികൾക്കും അദ്ഭുതമാണ്.
ഫാമിൽ 12 തൊഴിലാളികളുണ്ട്. പക്ഷേ പുലർച്ചെ നാലിന് പ്രമീള വളർത്തുമൃഗങ്ങൾക്കരികിലെത്തും. അവയെ കുളിപ്പിച്ച്, പരിസരം വൃത്തിയാക്കി, ആഹാരം നൽകും. വീട്ടിലെ തിരക്കു കഴിഞ്ഞ് വൈകിട്ട് മൂന്നിന് വീണ്ടും തൊഴുത്തിലെത്തും.
ദിവസവും 700 ലിറ്റർ പാൽ
ദിവസവും 700 ലിറ്റർ പാൽ കിട്ടും. എച്ച്.എഫ് ഇനത്തിൽപ്പെട്ട പശുക്കളുടെയും ജേഴ്സിപ്പശുക്കളുടെയും പാൽ കൂട്ടിച്ചേർക്കുമ്പോൾ കൊഴുപ്പും ഗുണവും ഒന്നുപോലെയാകും. ആകെയുള്ളതിൽ പകുതി പശുക്കളുടെ കറവ തുടരുമ്പോൾ ശേഷിച്ചവയെബീജസങ്കലനം നടത്തി ഗർഭിണിയാക്കും. ഏത് സീസണിലും ഇവിടെ പാൽ സുലഭം. പശുവും ആടുമൊക്കെ പ്രസവിക്കുമ്പോൾ ഊണും ഉറക്കവുമുപേക്ഷിച്ച് പ്രമീള അടുത്തുണ്ടാകും. ചാണകവും ഉണക്കി വിൽക്കും. ഫാമിൽ പ്രസവിക്കുന്ന പശുക്കളുടെയും ആടുകളുടെയും കിടാരികളായാണ് വളർത്തുക. പ്രമീളയ്ക്ക് പ്രോത്സാഹനമേകി മക്കൾ ഡോ. ബിൻസിയും കാവേരിയുമുണ്ട് (ഷാർജ).
'മൃഗപരിപാലനം ഇഷ്ടമാണ്. സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതിൽ ഇരട്ടിസന്തോഷം".
- പ്രമീള ഷാജി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |