തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒൻപത് മാസത്തിനിടെ പകർച്ചവ്യാധികളുടെ പിടിയിലായത് 20.55ലക്ഷം പേർ. 428പേർക്ക് ജീവൻ നഷ്ടമായി. പല പേരുകളിലും ലക്ഷണങ്ങളിലും കേരളത്തിൽ പകർച്ചവ്യാധികൾ പെരുകുന്നു. പകർച്ചപനിക്ക് പുറമേ, എലിപ്പനി, ഡെങ്കി, ചിക്കുൻഗുനിയ, ഇൻഫ്ലുവൻസ, നിപ, സിക്ക, കൊവിഡ്, വെസ്റ്റ് നൈൽ, മസ്തിഷ്‌കജ്വരം, ചെള്ള്പനി, കരിമ്പനി, കുരങ്ങ്പനി തുടങ്ങിയവയുടെ സാന്നിദ്ധ്യം കേരളത്തിലുണ്ട്. പനിയും ജലദോഷവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ പടരുന്ന പകർച്ചപനികൾ മുതൽ കൊവിഡും ഇൻഫ്ലുവൻസയും വരെ നാട്ടിൽ ശക്തമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സാധാരണ പകർച്ചപനി ലക്ഷണങ്ങൾ പലപ്പോഴും വേർതിരിച്ചറിയാൻ കഴിയാത്തതിനാൽ, ബഹുഭൂരിപക്ഷം കേസുകളും രോഗനിർണയം നടത്താതെ പോകുന്ന സ്ഥിയുമുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പനിമരണങ്ങൾ വർദ്ധിക്കുന്നതിനുള്ള അടിസ്ഥാന കാരണം മറ്റുരോഗങ്ങളുടെ സാന്നിദ്ധ്യമാണ്. പകർച്ചവ്യാധികൾ പ്രമേഹം പോലുള്ള രോഗങ്ങളെ മൂർഛിപ്പിച്ച് മരണത്തിലേക്ക് തള്ളിവിടും. പ്രായമായവരിലും യുവാക്കളിലും പ്രമേഹം, രക്താതിമർദ്ദം, ക്യാൻസർ എന്നിവ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. കേരളത്തിൽ 40% പേർ മാത്രമാണ് പ്രമേഹത്തെ ശരിയായി നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പടരുന്ന ഇൻഫ്ലുവൻസ!
സംസ്ഥാനത്ത് ഇൻഫ്ലുവൻസ ശക്തമാണെന്ന് ആരോഗ്യവിദഗ്ദ്ധർ വിലയിരുത്തുന്നു. ഇൻഫ്ലുവൻസയാണ് വ്യാപകമായി പടരുന്നത്. തൊണ്ടവേദന, ജലദോഷം, ചുമ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. പാരിസ്ഥിതിക ഘടകങ്ങളും മറ്റ് കാരണങ്ങളാലും ഉണ്ടാകുന്ന സീസണൽ രോഗമാണ് ഇൻഫ്ളുവൻസ. പനിയും ശരീരവേദനയും സാധാരണ ലക്ഷണങ്ങൾ. മറ്റുരോഗങ്ങളുള്ളവരിലും പ്രായമായവരിലും ഇൻഫ്ളുവൻസ ഗുരുതര ആഘാതം സൃഷ്ടിക്കാം. മൂന്നുതരം ഇൻഫ്ളുവൻസ വൈറസുകൾ ഇപ്പോൾ കേരളത്തിൽ കാണുന്നുണ്ട്. ഇൻഫ്ലുവൻസ എ വിഭാഗത്തിലെ എച്ച് 1 എൻ 1, എച്ച്3 എൻ2, ഇൻഫ്ളുവൻസ ബി എന്നിങ്ങനെയാണ് രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പകർച്ചപനി സ്ഥിരീകരിച്ചവർ
(മൂന്നുമാസത്തെ കണക്ക്)
സെപ്തംബർ....................21,6669
ഓഗസ്റ്റ്............................27,9396
ജൂലായ്...........................31,7327
പനിബാധിച്ച് മരിച്ചവർ
(മൂന്നുവർഷത്തെ കണക്ക്)
(ഡെങ്കി,ചിക്കൻഗുനിയ,എലിപ്പനി,ചെള്ള്പനി,ഇൻപ്ലുവൻസ,പകർച്ചപ്പനി)
2025.................... 400(സെപ്തംബർ വരെ)
2024...................... 655
2023.....................536
എലിപ്പനി മരണങ്ങളാണ് വലിയതോതിൽ വർദ്ധിക്കുന്നത്. രോഗം വരാതിരിക്കാനും ചികിത്സിച്ച് മാറ്റാനും പൂർണമായി കഴിയാവുന്ന ഈ രോഗം കാരണം ഇത്രയധികം പേർ മരിക്കുന്നത് കേരളത്തിന് ചേർന്നതല്ല. ഇൻഫ്ലുവൻസയ്ക്ക് എതിരായ ഫ്ലൂ വാക്‌സിൻ സ്വീകരിക്കുന്നത് ഗുണകരമാണ്. കൊതുകിനെ നശിപ്പിച്ച് ഡെങ്കിയിൽ നിന്ന് മുക്തിനേടാം.
-ഡോ. രാജീവ് ജയദേവൻ,
കൺവീനർ,
റിസർച്ച് സെൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |