കണ്ണൂർ : പാനൂർ കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയ മുൻമന്ത്രിയും ആർ.ജെ.ഡി നേതാവുമായ കെ.പി.മോഹനൻ എം.എൽ.എക്ക് നേരെ കൈയേറ്റശ്രമം. കരിയാട് പുതുശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസിസ് സെന്ററിൽ നിന്നും പുറത്തേക്ക് മലിനജലം ഒഴുക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്കിടയിലൂടെ നടന്നു പോകാൻ ശ്രമിച്ച എം.എൽ.എയെ തടയുന്നതും തള്ളുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് . ചൊക്ലി പൊലീസ് കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തു.
ഇന്നലെ രാവിലെയായിരുന്നു സംഭവം.
സ്ത്രീകളും കുട്ടികളുമടങ്ങിയ പ്രതിഷേധക്കാർ എം.എൽ.എയുടെ വാഹനം വഴിയിൽ തടഞ്ഞു. ഉദ്ഘാടന സ്ഥലത്തേക്ക് നടന്നുപോകാൻ ഒരുങ്ങിയ എം.എൽ.എയെ പിടിച്ചു തള്ളുകയും ഷർട്ടിൽ പിടിച്ചു വലിക്കുകയുമായിരുന്നു. എം.എൽ.എയുടെ കൂടെ പാർട്ടി പ്രവർത്തകരോ പേഴ്സണൽ സ്റ്റാഫോ ഉണ്ടായിരുന്നില്ല. ഉടൻ ചൊക്ലി പൊലീസ് സ്ഥലത്തെത്തി. 15 മിനിറ്റോളം എം.എൽ.എയെ പ്രതിഷേധക്കാർ തടഞ്ഞു വച്ചു .
ഡയാലിസ് സെന്ററിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം കിണറുകളിൽ കലരുന്നതായി ആരോപിച്ച് മൂന്ന് വർഷമായി സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയാണ്.നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് സമരക്കാർ പറയുന്നത്.എം.എൽ.എ ഈ വിഷയത്തിൽ ഇടപെട്ടില്ലെന്നും സമരക്കാർ ആരോപിച്ചു.
പരിഹരിക്കപ്പെടേണ്ട പ്രശ്നം
മാലിന്യ പ്രശ്നം പരിഹരിക്കപ്പെടേണ്ടത് തന്നെയാണെന്ന് കെ.പി .മോഹനൻ ,എം.എൽ.എ. പക്ഷേ അതിന് ഈ രീതിയായിരുന്നില്ല തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ല. സ്വമേധയാ കേസെടുത്താൽ സഹകരിക്കും. തനിക്ക് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കൈയേറ്റശ്രമം ബോധപൂർവ്വം ആയിരുന്നില്ല.പ്രതിഷേധക്കാർക്ക് പ്രത്യേക രാഷ്ട്രീയ താത്പര്യം ഉള്ളതായി അറിയില്ല. മാലിന്യ പ്രശ്നത്തിൽ ഇടപ്പെട്ടിട്ടുണ്ട്.അഞ്ചിന് ഇരുവിഭാഗവും പങ്കെടുക്കുന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |