തിരുവനന്തപുരം: വീണ്ടും തുടർഭരണം എന്ന മോഹവുമായി നീങ്ങുന്ന ഇടതു സർക്കാരിനെക്കുറിച്ചുള്ള ജനങ്ങളുടെ മനോഹിതമറിയാൻ സർക്കാർ സർവേ നടത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പാവും നവകേരള ക്ഷേമ സർവെ . സംസ്ഥാനത്തെ 80 ലക്ഷം വീടുകളിലെത്തി വിവര ശേഖരണം നടത്തും.
മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാവും സർവെയുടെ ഏകോപനവും അവലോകനവും വിലയിരുത്തലും നടത്തുക. സർക്കാർ ചെയ്തിട്ടുള്ള വികസന , ക്ഷേമ പദ്ധതികൾ എത്രത്തോളം ജനങ്ങളെ സ്വാധീനിച്ചു എന്നതാണ് സർവെയിലൂടെ പ്രധാനമായും അറിയാനുദ്ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ഇനിയുള്ള ഭരണ കാലത്ത് പൂർത്തിയാക്കണമെന്നതും വിലയിരുത്തും. സർക്കാരിൽ നിന്ന് ഏതെല്ലാം മേഖലകളിലാണ് ജനങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നതെന്നും ഏത് പദ്ധതികളാണ് ജനപ്രിയമാവാതെ പോയതെന്നതും പരിശോധിക്കും.ഭരണതലത്തിൽ എന്തെങ്കിലും പോരായ്മകളുള്ളതായി കണ്ടെത്തിയാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അത്
പരിഹരിക്കും.
സർക്കാർ പദ്ധതികൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ 'സിഎം വിത്ത് മി" അടക്കം വിപുലമായ പി.ആർ സംവിധാനം തുടങ്ങിയത് അടുത്തിടെയാണ്. ഇതിന് പുറമെയാണ് വീടുകളലെത്തിയുള്ള അഭിപ്രായ ശേഖരണം. സാക്ഷരതാ സർവെ മാതൃകയിൽ കോളേജ് വിദ്യാർത്ഥികളെ പ്രധാനമായും ഉപയോഗപ്പെടുത്തി വീടുവീടാന്തരമുള്ള വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനുള്ള വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളും, എന്ന് തുടങ്ങുമെന്നതും തീരുമാനിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |