തിരുവനന്തപുരം:ശബരിമലയിൽ ഗുരുതരമായ കളവും വില്പനയും നടന്നെന്ന ഹൈക്കോടതി കണ്ടെത്തൽ പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ശബരിമലയിലെ ദ്വാരപാലക ശില്പം കോടികൾ വാങ്ങി വിറ്റഴിച്ചെന്ന കണ്ടെത്തലിൽ ശക്തമായ പ്രക്ഷോഭം സഭയ്ക്കകത്തും പുറത്തും തുടരുമെന്നും സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.ലക്ഷക്കണക്കിന് വിശ്വാസികളെ കൂടിയാണ് വഞ്ചിച്ചിരിക്കുന്നതെന്നാണ് കോടതിയുടെ വിമർശനം.ചെന്നൈയിൽ എത്തിച്ചത് ചെമ്പ് മാത്രമുള്ള മറ്റൊരു ദ്വാരപാലക ശില്പമായിരുന്നെന്നും തിരിച്ച് കൊണ്ടുവന്ന് സ്ഥാപിച്ചപ്പോൾ ഉണ്ടായ ഭാരക്കുറവ് ദേവസ്വം ബോർഡ് കണ്ടില്ലെന്നു നടിച്ചതാണെന്ന വെളിപ്പടുത്തലും ഉത്തരവിലുണ്ട്.ദ്വാരപാലക ശില്പം ഏത് കോടീശ്വരന്റെ വീട്ടിലേക്കാണ് വിറ്റിരിക്കുന്നതെന്നാണ് സി.പി.എമ്മിനോടും സർക്കാരിനോടും ചോദിക്കാനുള്ളത്.കളവ് നടന്നുവെന്ന് ദേവസ്വം ബോർഡിന് അറിയാമായിരുന്നിട്ടും മറച്ചുവച്ചു.കാരണം കേസെടുത്താൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല കൂട്ടുനിന്ന ദേവസ്വത്തിലെയും സർക്കാരിലെയും വമ്പന്മാർ കൂടി പ്രതിയാകും.അതേ ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത കളവിനായി 2015ൽ വീണ്ടും ദേവസ്വം ബോർഡ് വിളിച്ചു വരുത്തി.അതുകൊണ്ടാണ് നിലവിലെ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്.കുറെ സ്വർണം ബാക്കിയുണ്ടെന്നും കല്യാണം നടത്തിക്കൊടുക്കാമെന്നും പറഞ്ഞ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.വാസുവിന് ഉണ്ണികൃഷ്ണൻ പോറ്റി മെയിൽ അയച്ചിട്ടുണ്ട്.വാസു സി.പി.എം പശ്ചാത്തലമുള്ള ആളാണ്.പിണറായി വിജയനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരിൽ ചീഫ് ജസ്റ്റിസിനെ നാടുകടത്തിയവർ ഞങ്ങളെ കോടതിയോടുള്ള ബഹുമാനം പഠിപ്പിക്കേണ്ട.അന്ന് പിണറായി വിജയന്റെ കൂലിപ്പട്ടാളമായി നിന്നവരാണ് ഇപ്പോഴത്തെ ചില മന്ത്രിമാരെന്നും സതീശൻ പറഞ്ഞു.ഭക്തർക്ക് നീതി കിട്ടുന്നതിനു വേണ്ടി ജനാധിപത്യപരമായ രീതിയിലാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്.എന്താണ് നടന്നതെന്ന് ജനങ്ങൾക്ക് അറിയണമെന്നും അല്ലെങ്കിൽ പ്രക്ഷോഭം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയാറാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.കള്ളക്കച്ചവടം നടന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്.ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രി ഇരിക്കമ്പോൾ നിക്ഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം നടക്കില്ലെന്നും അതുകൊണ്ടാണ് മന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |