തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും ശ്രീകോവിലിന്റെ കട്ടിളയിൽ നിന്നും കവർന്ന അരകിലോയോളം സ്വർണം കണ്ടെടുക്കുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ള വെല്ലുവിളി. ഉണ്ണികൃഷണൻ പോറ്റി എത്തിച്ച പാളികളിൽ നിന്ന് സ്വർണം നീക്കിയെന്നാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. കട്ടിളയുടെ പാളികൾ സ്വർണം പൂശിയതിനുശഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് മൊഴി. ഈ സ്വർണം കണ്ടെടുക്കക ശ്രമകരമായിരിക്കും. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ 14 ഭാഗങ്ങളായുള്ള സ്വർണപ്പാളികൾ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെത്തിച്ചത് മുറിച്ച് വിൽക്കാനായിരുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. 39 ദിവസം കഴിഞ്ഞാണ് സ്വർണംപൂശാനായി പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. തങ്ങൾക്ക് കൈമാറിയത് ചെമ്പ് മാത്രമെന്നാണ് സ്മാർട്ട് ക്രിയേഷൻസിന്റെ എം.ഡിയും അഭിഭാഷകനും ആദ്യം പറഞ്ഞിരുന്നത്. ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തതോടെ നിലപാട് മാറ്റി. പഴയപാളിയുടെ പകർപ്പിൽ അച്ച് തയ്യാറാക്കി അതേപോലെ പുതിയ ചെമ്പു പാളിയുണ്ടാക്കി സ്വർണം പൂശിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. പാളികൾ മുറിച്ച് സമ്പന്നരായ ഭക്തർക്ക് വിറ്റതാണെന്നും സംശയമുണ്ട്. വിശദമായ അന്വേഷണത്തിലേ ഇക്കാര്യങ്ങൾ കണ്ടെത്താനാവൂ.
രേഖയും മഹസറും സ്റ്റോക്കും
തമ്മിൽ പൊരുത്തക്കേട്
ഹൈക്കോടതിയുടെ നിർദേശപ്രകാരം ശബരിമലയിൽ അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെ.ടി.ശങ്കരൻ്റെ നേതൃത്വത്തിൽ സ്ട്രോംഗ് റൂം തുറന്ന് പരിശോധന തുടങ്ങി. രജിസ്റ്ററും മഹസറും സ്റ്റോക്കും തമ്മിൽ വൈരുദ്ധ്യമുള്ളതായി അമിക്കസ് ക്യൂറി കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ നാളെയും പരിശോധന തുടരും. സ്വർണപ്പാളികൾ, സ്വർണ പീഠം, പഴയ വാതിൽ, കട്ടിള എന്നിവയുൾപ്പടെയുള്ള സന്നിധാനത്തെ മറ്റ് വസ്തുക്കളുടെ പരിശോധന പൂർത്തിയാക്കാൻ കാലതാമസം ഉണ്ടായേക്കും. സന്നിധാനത്തെയും സന്നിധാനത്തെ സ്ട്രോംഗ് റൂമിലെയും പരിശോധന പൂർത്തിയായശേഷം മാത്രമേ, തിരുവിതാംകൂർ മഹാരാജാവ് സമർപ്പിച്ച തങ്കയങ്കി അടക്കം വിലയേറിയ നിരവധി തിരുവാഭരണങ്ങളും വഴിപാട് ഉരുപ്പടികളും സൂക്ഷിക്കുന്ന ആറന്മുളയിലെ പ്രധാന സ്ട്രോംഗ് റൂമിലെ പരിശോധന നടക്കാൻ സാധ്യതയുള്ളു. ഇവിടെ ഒരു ഭക്തൻ സമർപ്പിച്ച സ്വർണം കാണാനില്ല എന്ന പരാതി നിലനിൽക്കുന്നതിനാൽ, വിശ്വാസികൾ ആശങ്കയിലാണ്.ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ പരിശോധനയുടെ ഭാഗമായി സന്നിധാനത്ത് എത്തിയിട്ടുണ്ട്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, തിരുവാഭരണം സ്പെഷ്യൽ കമ്മിഷണർ എന്നിവരെ കൂടാതെ അമിക്കസ് ക്യൂറിയുടെ നിർദ്ദേശപ്രകാരം എത്തിയ സ്മിത്ത് ഉൾപ്പടെയുള്ള സംഘം വഴിപാട് സാധനങ്ങളുടെ ആധികാരികത പരിശോധിക്കുന്നുണ്ട്.
സെക്രട്ടേറിയറ്റ്
ധർണ 15ന്
സ്വർണക്കൊള്ളയ്ക്കെതിരെ ഹിന്ദു ഐക്യവേദി,ശബരിമല അയ്യപ്പസേവാസമാജം എന്നിവയുടെ നേതൃത്വത്തിൽ15ന് സെക്രട്ടേറിയറ്റിൽ ധർണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു. കന്യാകുമാരി വെള്ളിമലൈ സ്വാമി ചൈതന്യാനന്ദജി മഹാരാജ് ധർണ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |