കൊച്ചി/പുത്തൻകുരിശ്: സഹപ്രവർത്തകർക്കിടയിൽ 'സത്യസന്ധൻ'. പൊതുജനങ്ങൾക്ക് കൈക്കൂലി പാപി. മിനിമം കൈക്കൂലി അഞ്ച് ലക്ഷം. ഓഫീസിലോ പരിസരത്തോ കൈക്കൂലി സ്വീകരിക്കില്ല. രാത്രിയിലാണ് ഓപ്പറേഷൻ. കഴിഞ്ഞ ദിവസം ഗോഡൗൺ ഉടമയിൽ നിന്ന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ബിൽഡിംഗ് വിഭാഗം ഓവർസിയർ ടി.ദീപേഷ് കുമാറിന്റെ (40) ലീലാവിലാസങ്ങളിൽ വിജിലൻസും ഞെട്ടി.
വൻകിട കേസുകളിൽ ഇടപെട്ടാണ് ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങുന്നത്. അഞ്ചു ലക്ഷത്തിന് താഴെയെങ്കിൽ വഴങ്ങില്ല. കരിമുകൾ ചാലിക്കരയിൽ 55,000 ചതുരശ്ര അടിയിൽ 15 കോടി ചെലവിൽ നിർമ്മിച്ച ഗോഡൗണിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാനാണ് 15 ലക്ഷം കൈക്കൂലി വാങ്ങിയത്. 20 ലക്ഷമാണ് ചോദിച്ചത്. വിലപേശലിൽ 15 ലക്ഷമാക്കി.
വിവരം ഗോഡൗൺ ഉടമ വിജിലൻസിനെ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 8.30ന് കാക്കനാട് കളക്ടറേറ്റിന് സമീപത്ത് സ്വന്തം കാറിൽവച്ച് അഞ്ചു ലക്ഷം പണമായും പത്തു ലക്ഷം ചെക്കായും കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. ദീപേഷ് കടമക്കുടി പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴേ വിജിലൻസിന്റെ നോട്ടപ്പുള്ളിയായിരുന്നു. പരാതിയില്ലാത്തതിനാൽ വിജിലൻസിന്റെ പല ഓപ്പറേഷനുകളും പാളി. കുറച്ചുനാൾ മുമ്പാണ് പുത്തൻ കുരിശിലെത്തിയത്.
ഇവിടെ സഹപ്രവർത്തകർക്കിടയിൽ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന രീതിയിലാണ് പെരുമാറിയിരുന്നത്. ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന ഓഫീസുകളിൽ കൈകാര്യം ചെയ്തിരുന്ന ഫയലുകൾ വിജിലൻസ് പരിശോധിക്കും. പുത്തൻകുരിശിലെ ഓഫീസിൽനിന്ന് ഫയലുകൾ പിടിച്ചെടുത്തു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ് ദീപേഷ്.
ഒന്നരക്കോടിയുടെ വില്ല
ബംഗളൂരുവിലും വീട്
കാക്കനാട്ട് ഒന്നരക്കോടിയുടെ വില്ലയിലാണ് ദീപേഷ് താമസിക്കുന്നത്. ഇത് കൈക്കൂലിപ്പണം കൊണ്ട് വാങ്ങിയതാണോയെന്ന് വിജിലൻസ് അന്വേഷിക്കുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 5.5 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാൾക്ക് ബംഗളൂരുവിലും വീടുണ്ട്. അവിടെയും പരിശോധന നടത്തി. കാസർകോട്ടെ വീട്ടിൽനിന്നും ഭാര്യയുടെ വീട്ടിൽനിന്നും ചില രേഖകളും കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |