തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് 2023ൽ ഇ.ഡി സമൻസ് അയച്ചെന്ന വിവരം പുറത്തായതിന് പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. ഇ.ഡി അത് നടപ്പാക്കണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും പറയുന്നു. ‘‘ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമ്മവന്നു. 2018ൽ ഞാനും യു.എ.ഇ കോൺസൽ ജനറലും കൂടി ക്യാപ്റ്റനെ കാണാൻപോയി. ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. അവിടെവച്ച് ക്യാപ്റ്റൻ തന്റെ മകനെ കോൺസൽ ജനറലിനു പരിചയപ്പെടുത്തി. മകന് യു.എ.ഇയിൽ ഒരു നക്ഷത്ര ഹോട്ടൽ വിലയ്ക്ക് മേടിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണമെന്നും ക്യാപ്റ്റൻ ആവശ്യപ്പെട്ടു’’– സ്വപ്ന പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും, കാത്തിരിക്കാമെന്ന് പറയുന്ന സ്വപ്ന, സ്വാമിയേ ശരണം അയ്യപ്പാ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |