കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 11-ാം ഹൃദയം മാറ്റിവയ്ക്കൽ
കോട്ടയം:സംസ്ഥാനത്ത് ആദ്യമായി ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ആരംഭിച്ച് വീണ്ടും ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്.ശ്വാസകോശത്തിന് പുറമേ ഹൃദയവും വൃക്കയും ഉൾപ്പെടെ മൂന്ന് അവയവങ്ങൾ ഒരേസമയം മാറ്റിവയ്ക്കും.രാജ്യത്ത് ആദ്യമായാണ് ഒരേ സമയം പ്രധാനപ്പെട്ട മൂന്ന് അവയവങ്ങൾ സർക്കാർ ആശുപത്രിയിൽ മാറ്റിവയ്ക്കുന്നത്.ഹൃദയവും കരളും മാറ്റിവച്ച് മുൻപ് കോട്ടയം മെഡിക്കൽ കോളേജ് ചരിത്രനേട്ടം സ്വന്തമാക്കിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിൽ മസ്തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്.17ന് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ പമ്പയിൽ വച്ച് തലയിടിച്ച് വീണ് പരിക്കേറ്റാണ് അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ടോടെ മസ്തിഷ്ക മരണം സംഭവിച്ചു.തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.രാത്രി ഏറെ വൈകിയാണ് ഹൃദയം,ശ്വാസകോശം,രണ്ട് വൃക്ക,പാൻക്രിയാസ്, കരൾ,കൈ,രണ്ട് നേത്രപടലം എന്നിവ അനീഷിൽ നിന്ന് വേർപെടുത്തിയത്.ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും ഒരു വൃക്കയും പാൻക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്.കെസോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.അംബിക കുമാരിയാണ് അനീഷിന്റെ മാതാവ്. സഹോദരങ്ങൾ:എ.ആർ ലക്ഷ്മി,എ.ആർ.അഞ്ജു.
ശസ്ത്രക്രിയ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ
പ്രമുഖ കാർഡിയോ തൊറാസിക് ശസ്ത്രക്രിയാ വിദഗ്ദ്ധനും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടുമായ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ശസ്ത്രക്രിയകൾ.അമൃത ആശുപത്രിയിലെ മെഡിക്കൽ ടീമും സഹായത്തിനുണ്ട്.രാത്രിയോടെ അനീഷിന്റെ അവയവങ്ങൾ നീക്കം ചെയ്ത ശേഷമാണ് ശ്വാസകോശവും വൃക്കയും ഹൃദയവും മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയകൾക്ക് തുടക്കമിട്ടത്.വിവിധ ടേബിളുകളിൽ ഒരേസമയം അവയവങ്ങൾ മാറ്റിവയ്ക്കും വിധമാണ് ശസ്ത്രക്രിയാ മുറികൾ ക്രമീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |