
തിരുവനന്തപുരം: പി.എം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി ജി.ആർ.അനിൽ തന്നെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചു. അത് മനസിനെ വേദനിപ്പിച്ചു. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ.പ്രകാശ് ബാബു എം.എം.ബേബിക്കെതിരെ പറഞ്ഞത് തീരെ മര്യാദ കുറഞ്ഞ വാക്കുകൾ'. പി.എം ശ്രീ വിഷയം ഒത്തുതീർപ്പായതിനെപിന്നാലെ രൂക്ഷവിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് സംഘടനകളുടെ പ്രതിഷേധം അതിരു കടന്നുവെന്നും കുറ്റപ്പെടുത്തി.
പി.എം ശ്രീയിൽ എന്തുകൊണ്ട് ഒപ്പിട്ടു എന്ന് ബിനോയ് വിശ്വത്തെ ധരിപ്പിക്കാനാണ് ഫോണിൽ ബന്ധപ്പെട്ടശേഷം ഞാൻ സി.പി.ഐ ഓഫീസിലേക്ക് പോയത്. കൂടിക്കാഴ്ചയ്ക്കുശേഷം താൻ ഒന്നും പറഞ്ഞില്ല. എന്നാൽ, 'ഒരാൾ ഓഫീസിലേക്ക് വന്നാൽ സംസാരിക്കണമല്ലോ' എന്നാണ് മന്ത്രി അനിൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്കാരമാണ്.
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. വേദന തോന്നുംവിധത്തിലുള്ള പ്രതിഷേധം ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുണ്ടാവാൻ പാടില്ല. പ്രകാശ് ബാബു എന്തടിസ്ഥാനത്തിലാണ് എം.എ.ബേബി നിസഹായനെന്നും സഹതാപമുണ്ടെന്നും പറഞ്ഞതെന്നും ശിവൻകുട്ടി ചോദിച്ചു.
'കോലം കത്തിച്ചത്
ശരിയായില്ല'
എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും മുദ്രാവാക്യങ്ങൾ വേദനിപ്പിച്ചു. തന്റെ കോലം കത്തിച്ച നടപടി ശരിയായില്ല. തന്റെ വീട്ടിലേക്ക് രണ്ടുതവണ പ്രകടനം നടത്തി. താൻ ബിനോയ് വിശ്വത്തെ വിളിച്ച് പരാതിപ്പെട്ടു. തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ച അവർക്കൊന്നും തന്റെ രാഷ്ട്രീയ ചരിത്രമറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു
ക്ഷമ ചോദിക്കാൻ
മടിയില്ല: മന്ത്രി അനിൽ
തന്റെ വാക്കുകൾ മന്ത്രി ശിവൻകുട്ടിയെ വേദനിപ്പിച്ചെങ്കിൽ ക്ഷമചോദിക്കാൻ മടിയില്ലെന്ന് മന്ത്രി ജി.ആർ.അനിൽ. തങ്ങൾ തമ്മിൽ എത്രയോ വർഷങ്ങളായുള്ള രാഷ്ട്രീയ ബന്ധമാണ്. അദ്ദേഹത്തെ അവഹേളിക്കും വിധത്തിലുള്ള ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
ഖേദം പ്രകടിപ്പിച്ച്
എ.ഐ.വൈ.എഫ്
സമരവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിക്ക് ഏതെങ്കിലും തരത്തിൽ വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ. സമരങ്ങളിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനങ്ങളുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് കർശന നടപടി സ്വീകരിക്കും.
പി.എം ശ്രീക്കെതിരെ എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും കൈക്കൊണ്ട നിലപാടുകൾ ആശയപരം മാത്രമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |