
തിരുവനന്തപുരം: ഓർക്കാപ്പുറത്ത് കത്തിപ്പടർന്ന പി.എം ശ്രീ വിവാദം ഒരുവിധം കെട്ടടങ്ങിയതിനു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരള രാഷ്ട്രീയം.
ശബരിമല സ്വർണതട്ടിപ്പും തൊട്ടു പിന്നാലെ വന്ന പി.എംശ്രീയും സൃഷ്ടിച്ച ച്യുഴിയിൽ എൽ.ഡി.എഫിനെ അടപടലെ കടപുഴക്കാമെന്ന് യു.ഡി.എഫ് സ്വപ്നം കണ്ടെങ്കിലും ഒറ്റ മന്ത്രിസഭായോഗം അതെല്ലാം മാറ്റിമറിച്ചു. സമസ്തമേഖലയിലുള്ളവർക്കും ക്ഷേമ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിലപാട് തറ ഉറപ്പിച്ചു സർക്കാർ.
അതേസമയം, ശബരിമല സ്വർണ തട്ടിപ്പിൽ ധർമ്മ സങ്കടത്തിലാണ് സർക്കാർ. പുറത്തു വരുന്ന വിവരങ്ങൾ സർക്കാരിനെയും ഇടതു മുന്നണിയെയും തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതിന് പിന്നാലെയായിരുന്നു പി.എംശ്രീയിൽ പാളയത്തിൽ പട .പി.എം ശ്രീ വിവാദം ഒത്തുതീർന്നെങ്കിലും തിരക്കിട്ട് പദ്ധതിയിൽ ഒപ്പു വച്ചതെന്തിനെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. എന്നാലും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ക്ഷമത എൽ.ഡി.എഫ് കൈവരിച്ചെന്ന് പറയാം.
തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനവും നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവും പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫിന്റെ സ്ഥിതിയാവട്ടെ ഇപ്പോൾ അത്ര സന്തോഷകരമല്ല. കോൺഗ്രസിലെ പടലപിണക്കങ്ങളാണ് വലിയ തലവേദന. നാല് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ യു.ഡിഎഫിൽ ഐക്യം ശക്തമാണെന്നും കോൺഗ്രസിൽ യുവശക്തി സജീവമായെന്നുമൊക്കെ പറഞ്ഞിരുന്നെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിന് ശേഷം അത്ര സുഖകരമല്ല അന്തരീക്ഷം. കഴിഞ്ഞ ദിവസം കെ.പി.സി.സി നേതൃത്വത്തെ ഡൽഹിയിലേക്ക് വിളിച്ച് ഹൈക്കമാൻഡ് നന്നായി കുടഞ്ഞെന്നാണ് വിവരം. നേതാക്കൾ മുഖ്യമന്ത്രി കസേര കണ്ട് പനിക്കുന്നതിനെതിരെയാണ് ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ തിരഞ്ഞെടുപ്പ് നേരിടണമെന്ന് നിർദ്ദേശിക്കുക കൂടി ചെയ്തതോടെ പ്രധാന നേതാക്കൾ ക്ഷീണത്തിലായി. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യ പെരുമഴയെ എങ്ങനെ പ്രതിരോധിക്കണമെന്നതാണ്പുതിയ അങ്കലാപ്പ്.
എൽ.ഡി.എഫ്
അനുകൂലം : ആനുകൂല്യങ്ങളുടെ പ്രഖ്യാപനം തന്നെ ധാരാളം. ക്ഷേമപെൻഷൻ 2000 ആക്കിയതും ആശമാർക്ക് 1000 രൂപ കൂട്ടിയതുമുൾപ്പെടെ, സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ.
പ്രതികൂലം: ശബരിമലയിലെ സ്വർണത്തട്ടിപ്പ്
*മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആക്ഷേപം.
*ആരോഗ്യ മേഖലയിൽ തുടർച്ചയായി സംഭവിക്കുന്ന വീഴ്ചകൾ ക്രമസമാധാന തകർച്ച.
*മാവേലി സ്റ്റോറുകളിലെ ക്ഷാമം.
*മലയോര മേഖലയിലെ വന്യജീവി ആക്രമണം.
യു.ഡി.എഫ്
അനുകൂലം: നാല് ഉപതിരഞ്ഞെടുപ്പുകളിൽ നേടിയ തുടച്ചയായ വിജയം.
*ജനങ്ങൾക്കിടയിലുള്ള ഭരണവിരുദ്ധ വികാരം.
*വോട്ടർ പട്ടികയിലെ പേരു ചേർക്കൽ ഉൾപ്പെടെ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു.
*ശബരിമല സ്വർണതട്ടിപ്പ്.
പ്രതികൂലം
*കോൺഗ്രസിലെ ചേരിപ്പോരും പുനഃസംഘടനാ വിഷയങ്ങളും.
*രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും തുടർന്നുള്ള ഭിന്നതയും.
*സർക്കാർ വീഴ്ചകൾ തുറന്നു കാട്ടുന്നതിൽ ഫലപ്രദ ഇടപെടലില്ലെന്ന പാർട്ടിക്കുള്ളിലെ വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |