
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി നടപടിയെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കുറ്റക്കാർ ആരായാലും നടപടിയെടുക്കുമെന്നുംഹകാലിക്കറ്റ് പ്രസ് ക്ളബിന്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പത്മകുമാർ എം.എൽ.എയോ ജനപ്രതിനിധിയോ അല്ല. ആരായാലും തെറ്റിന് കൂട്ടുനിൽക്കില്ല. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആരെയും പാർട്ടി പിന്തുണയ്ക്കില്ല. പ്രതി ചേർത്താൽ ഉടനെ നടപടിയെടുക്കണമെന്നില്ല. പാർട്ടിക്ക് അതിന്റേതായ രീതിയുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്തതു പോലുള്ളതല്ല, ശരിയായ നടപടിയെടുക്കും. കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ ധൃതി പിടിച്ചുള്ള നടപടിക്ക് സി.പി.എമ്മിനെ കിട്ടില്ല.
എസ്.ഐ.ടി അന്വേഷണം നല്ലരീതിയിൽ നടക്കുന്നതിനാലാണ് കോൺഗ്രസ് ഇപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്തത്..
രാഹുൽ വിഷയത്തിൽ കോൺഗ്രസിൽ വിരുദ്ധാഭിപ്രായമാണ്. അതാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ വന്നത്. രാഹുലിനെ സംരക്ഷിക്കുന്നവർ കോൺഗ്രസിലുണ്ട്. ഒളിപ്പിക്കുന്നതും അവരാണ്. ചില മാദ്ധ്യമങ്ങളും സഹായിക്കുന്നുണ്ട്. പൊലീസിന് പരിമിതിയുണ്ടെങ്കിലും വെെകാതെ പിടി കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടകംപള്ളിയെയും
വാസവനെയും ചോദ്യം
ചെയ്യണം: ചെന്നിത്തല
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നിലവിലെ മന്ത്രി വി.എൻ. വാസവനെയും ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ ആവശ്യപ്പെട്ടു.
ദേവസ്വംബോർഡ് മുൻ പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തത് നല്ല കാര്യം. ബോർഡ് വിചാരിച്ചാൽ മാത്രം കൊള്ള നടക്കില്ല. മന്ത്രിമാരടക്കമുള്ളവരെയും ചോദ്യം ചെയ്യണം. ശബരിമലയിലെ പല സർക്കാർ നടപടികളും ഭക്തരെ വേദനിപ്പിക്കുന്നു. ഭക്തന്റെ ആത്മസമർപ്പണമായ ദക്ഷിണ പോലും അടിച്ചു മാറ്റിയാണ് അഴിമതി നടത്തിയത്. കൊള്ളയ്ക്ക് പച്ചക്കൊടി വീശിയവരെയും പിടി കൂടണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കൃത്യമായ നടപടിയെടുത്തു. പാർട്ടിയിൽ നിന്ന് മാറ്റി നിറുത്തി. രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്നൊന്നും പറയുന്നില്ല. രാഹുലിന് അനുകൂലമായി വീക്ഷണം പത്രം എഡിറ്റോറിയൽ എഴുതിയത് ശരിയായ നിലപാടല്ല. പത്രത്തിന്റെ എം.ഡി വിശദീകരണം ചോദിച്ചിട്ടുണ്ട്. കോൺഗ്രസ് ഒരു അതിജീവിതയെയും അപമാനിച്ചിട്ടില്ല. സന്ദീപ് വാര്യർ അതിജീവിതയെ തിരിച്ചറിയും വിധം സമൂഹ മാദ്ധ്യമങ്ങളിൽ ഇടപെടൽ നടത്തിയ വിഷയത്തെക്കുറിച്ച് അറിയില്ല.തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ തരംഗമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |