
തൃശൂർ: ഒറ്റച്ചാട്ടത്തിന് ബി.ജെ.പിയിൽ എത്താൻ തക്കം പാർക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. മോദി അമിത്ഷായും പറയുന്നിടത്തെല്ലാം ഒപ്പിടുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച എട്ടുപേരും ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ന്യായീകരണം.
പിന്നാലെ, തങ്ങൾ ഒരിക്കലും ബി.ജെ.പിയിൽ ചേരില്ലെന്ന പ്രഖ്യാപനവുമായി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസും വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസും പഞ്ചായത്ത് അംഗം ഷിന്റോ പള്ളിപ്പറമ്പനും വാർത്താ സമ്മേളനം നടത്തി. പാർട്ടി പുറത്താക്കിയിട്ടില്ലെന്നും കെ.പി.സി.സി നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, മറ്റ് അഞ്ചംഗങ്ങൾ പങ്കെടുത്തില്ല.
കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച എട്ട് അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ചാണ് വിമതയായി ജയിച്ച ടെസി ജോസിനെ പ്രസിഡന്റാക്കിയത്. നാല് അംഗങ്ങളുള്ള ബി.ജെ.പിയുടെ പിന്തുണയോടെയാണ് ഭരണം പിടിച്ചത്. ഇതിന് ഒത്താശ ചെയ്തതിന്റെ പേരിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുംപറമ്പിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അതിനിടെ, പഞ്ചായത്തംഗം അക്ഷയ് കൃഷ്ണ ബി.ജെ.പി ബാന്ധവം തനിക്കറിയില്ലായിരുന്നുവെന്ന പ്രസ്താവനയുമായി രംഗത്ത് എത്തി.
വിപ്പിലും വിവാദം
ഡി.സി.സി പ്രസിഡന്റ് വിപ്പ് നൽകിയെന്നത് അടിസ്ഥാനരഹിതമാണെന്നാണ് സസ്പെൻഷനിലായ ഡി.സി.സി ജനറൽ സെക്രട്ടറി പറയുന്നത്. വിപ്പ് കൈപ്പറ്റിയില്ലെങ്കിൽ അയോഗ്യരാക്കാനാകില്ല. വിപ്പ് കൈമാറിയത് മെമ്പർമാർക്ക് കൈമാറിയോയെന്ന് അറിയില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം സാവധാനമേ മെമ്പർമാർ ഒപ്പിട്ട കത്ത് തിരികെ ലഭിക്കൂവെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കി.
സി.പി.എമ്മിനോടുള്ള വിരോധത്തിൽ ബി.ജെ.പി അംഗങ്ങൾ വോട്ടു ചെയ്‌തെന്നാണ് ഭരണം പിടിച്ചവരുടെ വാദം. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ട ഔസേപ്പിനെ സി.പി.എം വിലയ്‌ക്കെടുത്ത് പ്രസിഡന്റാക്കാൻ ശ്രമിച്ചെന്നും ഇവർ ആരോപിക്കുന്നു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔസേപ്പിന്റെ പേര് സി.പി.എം നിർദ്ദേശിച്ചു. കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ച വിമതയായ ടെസിക്ക് 12 വോട്ടും ഔസേപ്പിന് 11 വോട്ടും കിട്ടി.
കക്ഷിനില:
എൽ.ഡി.എഫ്: 10
യു.ഡി.എഫ്: 08
ബി.ജെ.പി: 04
വിമതർ: 02
കോൺഗ്രസിൽ നിന്ന് വിജയിച്ച ഔസേപ്പിനെ വിലയ്ക്കെടുത്തത് സി.പി.എമ്മാണ്. സി.പി.എം ജില്ലാ ഏരിയ നേതാക്കളുടെ നേതൃത്വത്തിലാണ് കുതിരക്കച്ചവടം നടന്നത്. കോൺഗ്രസിൽ നിന്ന് രാജിവച്ച് വന്നവർക്ക് നിരുപാധിക പിന്തുണയാണ് നൽകിയത്. ആരെയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തിട്ടില്ല.``
-ജസ്റ്റിൻ ജേക്കബ്
സിറ്റി ജില്ലാ പ്രസിഡന്റ്
ബി.ജെ.പി
കോൺഗ്രസുകാരുടെ ബി.ജെ.പി മുന്നണിയിലേക്കുള്ള കൂട്ട പലായനം നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത പദ്ധതിയാണ്. ``
-കെ.വി.അബ്ദുൾ ഖാദർ
ജില്ലാ സെക്രട്ടറി
സി.പി.എം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |