
തിരുവനന്തപുരം: ഒറ്റച്ചാട്ടത്തിന് ബി.ജെ.പിയിൽ എത്താൻ തക്കം പാർക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ഇതാണ് മറ്റത്തൂരിൽ കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്.
എട്ടു കോൺഗ്രസ് അംഗങ്ങൾ മാത്രമേ അവിടെ യു.ഡി.എഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കി വയ്ക്കാതെ ബി.ജെ.പി അങ്ങെടുത്തു.
2016ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻ.ഡി.എയിലേക്ക് ചാടിയിരുന്നു. ഒരു എം.എൽ.എ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ് അംഗങ്ങളെ ചാക്കിട്ട് 2021ൽ ബി.ജെ.പി അധികാരം പിടിച്ചു. 2019ൽ ഗോവയിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബി.ജെ.പിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. എൽ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയോടൊപ്പം പോയത്.
ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബി.ജെ.പി ആകാൻ മടിക്കില്ലെന്നാണ് തെളിയുന്നത്.
കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനഃസാക്ഷിക്കുത്തില്ല. സംസ്ഥാനത്ത് പലേടത്തും ബി.ജെ.പി കോൺഗ്രസ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസിന്റെ ഈ സന്നദ്ധതയാണ് ബി.ജെ.പിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അദ്ധ്യായമാണെന്നു പിണറായി ചൂണ്ടിക്കാട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |