
പത്തനംതിട്ട: തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് യുവാക്കൾക്കും സ്ത്രീകൾക്കും 50ശതമാനം പ്രാതിനിധ്യം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇംഗ്ളീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് അടൂരിൽ ആവർത്തിക്കുകയായിരുന്നു. പാർട്ടിക്ക് രണ്ടാം നിരയിലും മൂന്നാംനിരയിലും ശക്തരായ നേതാക്കളുണ്ട്. അവർക്ക് തിരഞ്ഞെടുപ്പുകളിൽ അവസരമുണ്ടാകും. വരുന്ന തിരഞ്ഞെടുപ്പുകളിൽ നടപ്പാക്കുമെന്നും പറഞ്ഞു. പുതിയ തലമുറയിൽപ്പെട്ടവർക്ക് പാർലമെന്ററി രംഗത്തും സംഘടനാ രംഗത്തും അവസരംനൽകും. ഇത് രാഹുൽഗാന്ധി നിർദ്ദേശിച്ചിട്ടുള്ളതാണ്. പഴയ തലമുറയിലെ എല്ലാവരും മാറി നിൽക്കണമെന്നല്ല അർത്ഥം. മുതിർന്ന നേതാക്കളെ മാറ്റിനിറുത്തുമെന്ന് പറഞ്ഞിട്ടില്ല. മുതിർന്നവരുടെ ഉപദേശവും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം അവരിൽ മത്സരിക്കാൻ സാധിക്കുന്നവരെ മത്സരിപ്പിക്കും.
പുതിയ ആളുകൾക്ക് കൂടി അവസരമുണ്ടാകണം. ഞങ്ങളൊക്കെ അങ്ങനെ വന്നവരാണ്. ഞങ്ങൾക്ക് പിന്നാലെ ആരും വരേണ്ടെന്ന് തീരുമാനിക്കാനാകില്ല. സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിൽ നിരവധി ചെറുപ്പക്കാരും സ്ത്രീകളുമുണ്ട്. സി.പി.എമ്മിൽ അങ്ങനെയില്ലെന്ന് സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |