
ശിവഗിരി: സാമൂഹിക രംഗത്ത് ഉണ്ടായിട്ടുള്ള വെല്ലുവിളികൾ വേണ്ടവിധം നേരിടാൻ സാധിക്കുന്നുണ്ടോ എന്ന കാര്യത്തിൽ മാദ്ധ്യമങ്ങൾ ആത്മവിമർശനം നടത്തണമെന്ന് എ.എ.റഹീം എം.പി പറഞ്ഞു. മാദ്ധ്യമസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികമായി മാദ്ധ്യമരംഗം ഏറെ വികസിച്ചെങ്കിലും യുക്തിബോധത്തിൽ നിന്നും നിർഭയത്വത്തിൽനിന്നുമൊക്കെ ഏറെ മാറി. മാദ്ധ്യമമേഖല ഇൻഡസ്ട്രിയായി മാറിയിരിക്കുന്നു. അറിയാനും അറിയിക്കാനും എങ്ങനെ സാധിക്കുമെന്ന നിലയിലേക്ക് മാദ്ധ്യമങ്ങൾ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴൽനാടൻ
സാമൂഹിക പുരോഗതിയിൽ മാദ്ധ്യമങ്ങളുടെ സംഭാവന വിലകുറച്ച് കാണാനാവില്ലെങ്കിലും എന്ത് കഴിയാതെ പോയി എന്നതുകൂടി ചിന്തിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച മാത്യുകുഴൽനാടൻ എം.എൽ.എ പറഞ്ഞു. ഗുരുസന്ദേശത്തിന്റെ ആഴം അറിയുന്നതിൽ മാദ്ധ്യമങ്ങൾക്കും കുറവ് സംഭവിച്ചു. സമവായത്തിന്റെ ശൈലി സ്വീകരിക്കുന്ന നിലയിലേക്ക് മാദ്ധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്.രാജേഷ്
ആധുനിക കേരളത്തിനു അടിത്തറ പാകിയ ശ്രീനാരായണഗുരുദേവന്റെ ദർശനവും സന്ദേശങ്ങളും കേരളകൗമുദി അതിന്റെ തുടക്കകാലം മുതൽ പ്രചരിപ്പിച്ചുവെന്നും ആ പാരമ്പര്യം ഇന്നും തുടരുകയാണെന്നും കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് പറഞ്ഞു. മറ്റു മാദ്ധ്യമങ്ങൾ അടുത്തകാലത്താണ് ഗുരുവിനെക്കുറിച്ച് ലേഖനങ്ങളും മറ്റും കൊടുത്തു തുടങ്ങിയത്.വീണ്ടുമൊരു ആധുനിക കേരള നിർമിതിയെപ്പറ്റി ആലോചിക്കുമ്പോൾ ഗുരു അടക്കമുള്ള നവോത്ഥാന ശിൽപ്പികൾ പൊരുതി തോൽപ്പിച്ച പലതും നാം ഇപ്പോൾ വിഭാവന ചെയ്യുന്ന ആധുനികതയുടെ മറുപുറമായി നിൽക്കുന്നുവെന്നാണ് അർത്ഥമെന്നും രാജേഷ് പറഞ്ഞു.
മാദ്ധ്യമപ്രവർത്തകരായ പി.ശ്രീകുമാർ, എൻ.എം. പിയേഴ്സൺ, ഷാജൻ സ്കറിയ, സുജയപാർവ്വതി എന്നിവർ പ്രസംഗിച്ചു. സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി ദിവ്യാനന്ദഗിരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |