
സ്വർണവില ആകാശം മുട്ടുമ്പോൾ പൊന്നിൽ നോട്ടമിട്ട് കള്ളന്മാർ. പൊട്ടും പൊടിയും കിട്ടിയാൽ പോലും പതിനായിരങ്ങൾ പോക്കറ്റിലെത്തും. തൂക്കം കൂടിയാൽ അത് ലക്ഷങ്ങളാകും. ഇതാണ് തസ്കരരെ സ്വർണക്കൊള്ളയ്ക്ക് പ്രേരിപ്പിക്കുന്ന പ്രധാനഘടകം. മോഷ്ടാക്കളുടെ രീതി എങ്ങനെ? ജീവൻ പോലും അപകടത്തിലാക്കുന്ന ഇത്തരം സംഘങ്ങളിൽ നിന്ന് എങ്ങനെ രക്ഷനേടാം? ഒരു അന്വേഷണം.
-----------------------------------------------------------------------------------------------------------------------
'റോക്കറ്റ് വേഗം" എന്നൊക്കെ നമ്മൾ പറയാറുണ്ടെങ്കിലും സ്വർണ വിലയുടെ കാര്യത്തിലാണ് അത് അന്വർത്തമായത്. വില ഒരുലക്ഷം കടന്നതോടെ സ്വർണമോഷണത്തിലും വൻ വർദ്ധനയുണ്ടായി. ബൈക്കിലെത്തി മാല പൊട്ടിക്കൽ മാത്രമല്ല, വീടുകൾ കയറിയുള്ള മോഷണവും ഇപ്പോൾ വ്യാപകം. അന്യസംസ്ഥാനക്കാരായ മോഷ്ടാക്കളും സജീവമാണ്.
പ്രായമായവർ മാത്രമുള്ള വീടുകൾ, ആളില്ലാത്ത വീടുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണവും പിടിച്ചുപറിയും പെരുകുന്നത്. നഷ്ടപ്പെടുന്ന സ്വർണത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ പൊലീസിനു വീണ്ടെടുക്കാൻ കഴിയുന്നുള്ളൂ. ക്ഷേത്രോത്സവങ്ങളുടെ സമയം കൂടിയായതിനാൽ ദിവസവും നിരവധി കവർച്ചകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ക്ഷേത്രോത്സവങ്ങളിൽ എത്തുന്നവരെ ലക്ഷ്യമിട്ട് ഒരു വലിയ സംഘം തന്നെയുണ്ട്.
വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ കഴിയുന്നത്ര ആഭരണങ്ങൾ ധരിച്ച് പോകുന്നതാണ് മലയാളിയുടെ ശീലം. മോഷ്ടാക്കൾ നമ്മുടെ സ്വർണത്തിന്റെ കണക്കെടുക്കുന്നത് ഇത്തരം ചടങ്ങുകളിൽ വച്ചാണ്.
മോഷ്ടാക്കൾക്ക് കൃത്യമായ പ്ലാനിംഗ്
ബസുകളിൽ മോഷണം നടത്തുന്നവർ, സ്വർണം കൈയ്യിൽ കിട്ടിയാൽ ഉടൻ സംഘത്തിലെ മറ്റൊരാൾക്ക് കൈമാറും. ഇയാൾ സ്വർണവുമായി രക്ഷപ്പെടും. മാല പൊട്ടിച്ച ആളിനെ നാട്ടുകാർ പിടികൂടിയാലും നഷ്ടപ്പെട്ട മുതൽ തിരിച്ചുകിട്ടില്ല. യാത്രകളിൽ സ്വർണം ബാഗുകളിൽ സൂക്ഷിച്ചിട്ടും കാര്യമില്ല. സ്ത്രീകളുടെ കഴുത്തിൽ ആഭരണമില്ലെങ്കിൽ ബാഗിൽ ഉണ്ടായിരിക്കുമെന്ന് മോഷ്ടാക്കൾക്ക് അറിയാം. ബാഗുകൾ കൈക്കലാക്കാനാകും ഇവരുടെ അടുത്ത ലക്ഷ്യം. ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന പ്രായമായവരോട് പരിചയം നടിച്ച് സ്വർണം കൈക്കലാക്കുന്നതും പതിവാണ്. പ്രായമായ സ്ത്രീകളെയാണ് ഇത്തരക്കാർ ലക്ഷ്യമാക്കുന്നത്. ബസ് സ്റ്റാൻഡിലും മറ്റും നിൽക്കുന്നവരോട് പരിചയം ഭാവിച്ച്, ഇവർക്ക് ചായയും ജ്യൂസും വാങ്ങി നൽകി, വിശ്വാസമുണ്ടാക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചും സ്വർണം അപഹരിക്കാറുണ്ട്.
രണ്ടുമാസത്തിനിടെ വൻ വർദ്ധന
വീട്ടിൽ സ്വർണം സൂക്ഷിക്കുന്നവർ ശ്രദ്ധ പുലർത്തണം. ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുമ്പോഴും അതീവ ശ്രദ്ധ ആവശ്യമാണ്. തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് പത്തുപവന്റെ സ്വർണാഭരണം കവർന്നതായിരുന്നു സമീപ ദിവസങ്ങളിൽ നടന്ന ഏറ്റവും വലിയ മോഷണം. കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന എത്തിയ സംഘമാണ് ഇവിടെ കവർച്ച നടത്തിയത്. തിരൂരിൽ കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടെ പിഞ്ചുകുഞ്ഞിന്റെ സ്വർണമാല കവർന്നതും മോഷ്ടാക്കളുടെ സ്വൈരവിഹാരം നാടാകെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുന്നു. ഒരുമാസം മുമ്പാണ് കാട്ടാക്കടയിലെ വീട്ടിൽനിന്ന് 60 പവന്റെ സ്വർണം മോഷണം പോയത്. ചെന്നിത്തലയിൽ വീട്ടിൽ നിന്ന് 25 പവൻ ആഭരണം മോഷ്ടിക്കപ്പെട്ടത് രണ്ടാഴ്ച മുമ്പും. നിലമ്പൂരിൽ കുട്ടിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത സ്ത്രീ തെളിവ് നശിപ്പിക്കാൻ മാല വിഴുങ്ങിയ സംഭവമുണ്ടായിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. ബൈക്കിലെത്തിയുള്ള മാല പൊട്ടിക്കലും ഈ കാലയളവിൽ വർദ്ധിച്ചിട്ടുണ്ട്.
ഒറ്റയ്ക്കാണെങ്കിൽ വേണം കരുതൽ
തിരക്കുള്ള സ്ഥലങ്ങളിലും തനിച്ച് യാത്ര ചെയ്യുമ്പോഴും സ്വർണാഭരണങ്ങൾ ഒഴിവാക്കണം. തിക്കിലും തിരക്കിലും മോഷണം നടത്തുന്ന സംഘങ്ങളാണ് ഏറെ. തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനങ്ങളിലെത്തി ആക്രമിച്ച് ആഭരണങ്ങൾ കവരുന്നവരും കുറവല്ല. കവർച്ചയുടെ കൃത്യമായ കണക്കുകൾ പൊലീസ് വെളിപ്പെടുത്തില്ലെങ്കിലും സ്വർണ വില ഉയർന്നു നിൽക്കുന്നതിനാൽ ഇത്തരം സംഭവങ്ങൾ ഇനിയും വർദ്ധിക്കാനുള്ള സാദ്ധ്യത പൊലീസ് മുന്നിൽക്കാണുന്നു.
മോഷ്ടാക്കൾക്ക് പ്രിയം വീടുകളിലെ 'ഓപ്പറേഷൻ"
സുരക്ഷിതമായ സ്വർണമോഷണം വീടുകളിൽ നിന്നാണെന്ന് ബോദ്ധ്യമുള്ള മോഷ്ടാക്കൾ വീടുകൾ കേന്ദ്രീകരിച്ചുള്ള കവർച്ചയാണ് അധികവും തിരഞ്ഞെടുക്കുന്നത്. ബാങ്കുകളിലും സ്വർണാഭരണ ശാലകളിലും മോഷണം നടത്തൽ അത്ര എളുപ്പമല്ലെന്ന ബോദ്ധ്യം അവർക്കുണ്ട്. സി.സി ടിവി ക്യാമറകൾ, അലാറം സംവിധാനങ്ങൾ, ലോക്കറുകൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിങ്ങനെ പല കടമ്പകൾ ഇവിടങ്ങളിലുണ്ട്. വീടുകളിൽ സി.സി ടിവി മാത്രമാണ് തസ്‌കരർ നേരിടുന്ന വെല്ലുവിളി. സി.സി ടിവി കേടാക്കിയോ, ദൃശ്യങ്ങൾ റെക്കാർഡ് ചെയ്യപ്പെടുന്നത് മറച്ചോ 'ഓപ്പറേഷൻ" വിജയകരമായി പൂർത്തിയാക്കാൻ മോഷ്ടാക്കൾക്ക് കഴിയും.
തിരുട്ട് ഗ്രാമക്കാരെ കരുതണം
പകൽ സമയങ്ങളിൽ വീടുകൾ കണ്ടുവച്ച് രാത്രിയിൽ വാതിലോ ജനലോ പൊളിച്ച് മോഷണം നടത്തുന്ന തിരുട്ട് ഗ്രാമക്കാരെയും പേടിക്കണം. നാട്ടിലെ കള്ളന്മാരേക്കാൾ ഭയപ്പെടേണ്ടവരാണ് ഇവർ. മോഷണം ചെറുത്താൽ കൊല്ലാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ.
വീട് പൂട്ടി പോകുമ്പോൾ 'Pol App" മറക്കേണ്ട
വീട് പൂട്ടി യാത്ര പോകുന്നവരും ദൂരസ്ഥലത്ത് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി മാറിത്താമസിക്കുന്നവരും വീട്ടിൽ സ്വർണം സൂക്ഷിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. അടഞ്ഞുകിടക്കുന്ന വീടുകൾ മോഷ്ടാക്കൾക്ക് ജോലി എളുപ്പമാക്കും. വീട് പൂട്ടിപ്പോകുന്ന സന്ദർഭങ്ങളിൽ മൊബൈൽ ആപ്ലിക്കേഷനായ 'Pol App"ലെ ' locked house information"ൽ രജിസ്റ്റർ ചെയ്താൽ വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പൊലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാവും.
പൊലീസ് നൽകുന്ന നിർദ്ദേശം
കഴിവതും സ്വർണവും കൂടുതൽ പണവും വീട്ടിൽ സൂക്ഷിക്കരുത്
രാത്രി വീടിന് ചുറ്റുമുള്ള ലൈറ്റുകൾ പ്രകാശിപ്പിക്കണം
കമ്പിപ്പാര പോലുള്ള പണിയായുധങ്ങൾ, ഏണി എന്നിവ വീടിന് പുറത്ത് സൂക്ഷിക്കരുത്.
പൈപ്പ് തുറന്നിടൽ, കുട്ടികളുടെ കരച്ചിൽ പോലെയുള്ള അസാധാരണ ശബ്ദങ്ങൾ കേട്ടാൽ പുറത്തിറങ്ങരുത്.
പകൽ വീടിന് സമീപം അപരിചിതരെ കണ്ടാൽ ശ്രദ്ധിക്കണം. കഴിയുമെങ്കിൽ ഫോട്ടോ എടുത്തുവയ്ക്കണം
വീടു പൂട്ടി പോകുന്നവർ അയൽക്കാരെ അറിയിക്കണം. പോൾ ആപ്പിൽ രജിസ്റ്റർ ചെയ്യണം.
നിരീക്ഷണം ശക്തമാക്കി
സ്വർണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മോഷണങ്ങൾ വർദ്ധിക്കുന്നത് തടയാൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയതായി ഡി.ജി.പി റവാഡ ചന്ദ്രശേഖർ അറിയിച്ചു. നൈറ്റ് പെട്രോളിംഗും നിരീക്ഷണവും ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.