
ശിവഗിരി: ശ്രീനാരായണഗുരു തെളിച്ച പാതയിലൂടെയാണ് ഇപ്പോഴത്തെ കേരള സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്ധകാരജടിലമായ ആചാരങ്ങളെ മാത്രമല്ല, അന്ധകാരം കൂടുവച്ച മനസുകളെയും മാറ്റിയെടുക്കാൻ ഗുരു ശ്രമിച്ചു. അതുകൊണ്ടാണ് ഫ്രഞ്ചു ചിന്തകനായ റൊമെയ്ൻ റോളണ്ട് 'കർമ്മനിരതനായ ജ്ഞാനി" എന്ന് ഗുരുവിനെ വിശേഷിപ്പിച്ചത്. എന്നാൽ, ഗുരുദേവ ദർശനം വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചില ശക്തികൾ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ അതിരുകൾക്കുള്ളിൽ ഗുരുവിനെ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രത്തെയും സംസ്‌കാരത്തെയും ദേശീയതലത്തിൽ ഭരണകൂടാധികാരം അട്ടിമറിക്കുന്നു. ഐതിഹ്യങ്ങളെയും കൽപ്പിത ഭാവനകളെയും ചരിത്രസത്യങ്ങളായി അവതരിപ്പിക്കുന്നു. മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യദാഹത്തെയും ചങ്ങലയ്ക്കിടുകയാണ് അവരുടെ ലക്ഷ്യം. ഇത് സാംസ്‌കാരിക ഫാസിസത്തിന്റെ ദൗത്യം തന്നെയാണെന്നു തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവിന്റെ മൂല്യവത്തായ സന്ദേശങ്ങളെ മുൻനിറുത്തി മൂർത്തമായ ചില കാര്യങ്ങൾ ചെയ്യാൻ സർക്കാരിനു കഴിഞ്ഞത് ചാരിതാർത്ഥ്യം പകരുന്നു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ഗുരുപ്രതിമ, സാംസ്‌കാരിക സമുച്ചയം, സർവമത സമ്മേളന ശതാബ്ദി, ദൈവദശക ശതാബ്ദി, ജാതിയില്ലാ വിളംബര വാർഷിക ശതാബ്ദി ആഘോഷങ്ങൾ തുടങ്ങിയവയെല്ലാം ജനങ്ങളുടെ മനസിലുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |