
ശിവഗിരി: ഗുരുദേവ ദർശനം രാഷ്ട്രീയ ആദ്ധ്യാത്മികതയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മനുസ്മൃതിയുടെ പിന്തുണയുള്ള മതപരമായ കുത്തകാവകാശത്തിനും സാമൂഹ്യമായ പുറന്തള്ളലിനും നേർക്കുള്ള വെല്ലുവിളിയായിരുന്നു ഗുരുദേവന്റെ ഇടപെടലുകൾ. കണ്ണാടിപ്രതിഷ്ഠ നടത്തി ഓരോ മനുഷ്യനിലും ദൈവം കുടികൊള്ളുന്നെന്ന് പ്രഖ്യാപിച്ചു. ക്ഷേത്രങ്ങളും സ്കൂളുകളും സ്ഥാപിച്ച് ബദൽ പൊതുവിടം സൃഷ്ടിച്ചു. അത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് സ്വാഭിമാനം സമ്മാനിച്ചു. ജാതി നിലനിറുത്തുന്നത് അറിവ് നിഷേധിച്ച് കൂടിയാണെന്ന് ഗുരു മനസിലാക്കി. അറിവ് നിഷേധിക്കുന്നത് രാഷ്ട്രീയ മേൽക്കോയ്മ നിലനിറുത്താനാണെന്ന് കാലത്തെ ബോദ്ധ്യപ്പെടുത്തി. ഗുരുദേവൻ ഇന്ത്യ കണ്ട മഹാതത്വജ്ഞാനിയാണ്.
ശിവഗിരി മഠം സമത്വത്തിന്റെ ജീവിക്കുന്ന സർവകലാശാലയാണ്. ഭാരതീയ മനസാക്ഷിയുടെ ധാർമ്മിക സർവകലാശാല. ശിവഗിരി തീർത്ഥാടനം വർഗ്ഗീയ വിരുദ്ധ പരിപാടിയാണ്. സമൂഹം വിദ്വേഷത്താൽ ധ്രുവീകരിക്കപ്പെടുന്ന കാലത്ത് ശിവഗിരി ആധിപത്യത്തിന് മേൽ സംവാദത്തെയും സർവ്വാധികാരത്തിന് മുകളിൽ സമത്വത്തെയും പ്രതിഷ്ഠിക്കുന്നു. ഇന്നത്തെ ഇന്ത്യ വിരോധാഭാസം അഭിമുഖീകരിക്കുന്നു. സാമ്പത്തിക വികസനത്തെക്കുറിച്ചും ഡിജിറ്റൽ വ്യാപനത്തെക്കുറിച്ചും ഊറ്റം കൊള്ളുന്നു. അതേസമയം സാമൂഹ്യസൗഹാർദ്ദം ഇല്ലാതാകുന്നു. ജാതി അപ്രത്യക്ഷമായിട്ടില്ല. അതിന്റെ വ്യാകരണമേ മാറിയിട്ടുള്ളൂ. അത് ഭൂരിപക്ഷ അഭിമാനമായി മാറിയിരിക്കുന്നു. ഗുരുദേവൻ ഈ അപകടം മുൻകൂട്ടിക്കണ്ടിരുന്നു. ഗുരുദേവദർശനം സ്വത്വരാഷ്ട്രീയത്തെയും സമത്വമില്ലാത്ത ദേശീയതയേയും എതിർക്കുന്നു.
അസമത്വം ഇല്ലാതാക്കാൻ ഫലപ്രദമായ ഉപകരണം വിദ്യാഭ്യാസമാണെന്ന് ഗുരുദേവൻ പറഞ്ഞു. ആശ്രിതരായി നിൽക്കാതെ സ്രഷ്ടാക്കളാകാൻ പിന്നാക്ക വിഭാഗക്കാരോട് ആഹ്വാനം ചെയ്തു. അതിനായി വ്യവസായസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനെ പിന്തുണച്ചു. തൊഴിലും വ്യവസായവും സാമൂഹ്യ മുന്നേറ്റത്തിനുള്ള ഉപകരണങ്ങളാണെന്ന് ഗുരു കണ്ടു. സ്ത്രീ ശാക്തീകരണത്തിനായും നിലകൊണ്ടു.
കർണാടകയിൽ
മഠത്തിന് 5 ഏക്കർ
കർണാടകയിൽ ശിവഗിരി മഠത്തിന്റെ ശാഖ ആരംഭിക്കാൻ സർക്കാർ അഞ്ച് ഏക്കർ നൽകും. ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം സർക്കാർ കർണാടകയുടെ മുക്കിലും മൂലയിലും എത്തിച്ചുവരികയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |