
കൊച്ചി: തിരുനാവായ മഹാമാഘ മഹോത്സവ കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയ്‌ക്കു കുറുകെ നിർമ്മിച്ച താത്കാലിക പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തിരൂരിലെ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ഇന്നു തന്നെ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണം. മഹോത്സവ സമിതിയുടെ പ്രതിനിധിയും ഉണ്ടാകണം. എന്തെങ്കിലും നടപടി ആവശ്യമെങ്കിൽ രണ്ടുദിവസത്തിനകം സമിതി പൂർത്തിയാക്കണമെന്നും ജസ്റ്റിസ് സി. ജയചന്ദ്രൻ ഉത്തരവിട്ടു.
നടപടികൾക്ക് ഏതെങ്കിലും സർക്കാർ ഏജൻസിയുടെ സഹായം ആവശ്യമെങ്കിൽ ജില്ലാ കളക്ടർ ഉറപ്പുവരുത്തണം. മാലിന്യ സംസ്‌കരണം, ഗ്രീൻ പ്രോട്ടോക്കോൾ, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കണം. ഈ മാസം 19നു തുടങ്ങിയ മഹോത്സവം ഫെബ്രുവരി മൂന്നിനാണ് സമാപിക്കുക. കേസ് 27ന് വീണ്ടും പരിഗണിക്കും.
അനുമതിയില്ലാതെ പുറമ്പോക്ക് ഭൂമി കൈയേറി പാലം നിർമ്മിച്ചെന്നും പുഴയോരം ഇടിച്ച് നിരത്തിയെന്നും ആരോപിച്ച് ജനുവരി 8ന് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ, പത്ത് ലക്ഷത്തോളം ഭക്തരും 30,000ലേറെ സന്യാസിമാരും പങ്കെടുക്കുന്ന ചടങ്ങിന്റെ പ്രാധാന്യവും സുരക്ഷയും പരിഗണിച്ചാണ് കോടതി ഇടപെടൽ.
സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയുമായി പൂർണമായും സഹകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചികിത്സാ സൗകര്യമടക്കം ഒരുക്കിയിട്ടുണ്ടെന്നും വിശദീകരിച്ചു.
മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് വില്ലേജ് ഓഫീസർ പുറപ്പെടുവിച്ച നോട്ടിസിനെ ചോദ്യം ചെയ്ത് ജനറൽ കൺവീനർ എം.കെ. വിനയകുമാർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |