
കൊച്ചി: അപകട സമയത്ത് ഇരുചക്ര വാഹനത്തിൽ മൂന്ന് യാത്രക്കാരുണ്ടായിരുന്നതിന്റെ പേരിൽ നഷ്ടപരിഹാരത്തുക കുറയ്‌ക്കാനാകില്ലെന്ന് ഹൈക്കോടതി. ഇതാണ് അപകട കാരണമെങ്കിൽ മാത്രമേ തുക കുറയ്‌ക്കാനാകൂ എന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. തൃശൂർ എം.എ.സി.ടി നഷ്ടപരിഹാരത്തുകയിൽ 20 ശതമാനം കുറച്ചത് ചോദ്യം ചെയ്യുന്ന ഹർജി അനുവദിച്ചാണ് ഉത്തരവ്. എം.എ.സി.ടി അനുവദിച്ച 1.84 ലക്ഷം രൂപ നഷ്ടപരിഹാരം 2.39 ലക്ഷമായി ഹൈക്കോടതി വർദ്ധിപ്പിച്ചു.
തൃശൂർ സ്വദേശി ബിനീഷിന്റെ ഹർജിയിലാണ് നടപടി. ഹർജിക്കാരനടക്കം മൂന്നുപേർ ബൈക്കിൽ പോകുമ്പോൾ എതിരെ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെങ്കിലും ഹർജിക്കാരന്റെ ഭാഗത്തും വീഴ്ചയുണ്ടെന്ന് വിലയിരുത്തിയാണ് നഷ്ടപരിഹാരം കുറച്ചത്. തെറ്റായ വശത്തുകൂടിയാണ് ബൈക്ക് ഓടിച്ചതെന്ന ഇൻഷ്വറൻസ് കമ്പനിയുടെ വാദം ട്രൈബ്യൂണൽ തള്ളിയതാണെന്നും കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |