
ന്യൂഡൽഹി: ജുഡിഷ്യറിയിലെ അഴിമതിയെ കുറിച്ചുള്ള പ്രത്യേക പാഠഭാഗത്തിനെതിരെ സുപ്രീംകോടതി കടുത്ത നിലപാടെടുത്ത് മണിക്കൂറുകൾക്കകം വിവാദ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകം പിൻവലിച്ച് എൻ.സി.ഇ.ആർ.ടി. വിവാദ പാഠഭാഗം നീക്കി പുതിയ പുസ്‌തകം പുറത്തിറക്കിയേക്കും. ജുഡിഷ്യറിയെ അപമാനിക്കാൻ ആസൂത്രിത നീക്കമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ രാവിലെ വിമർശിച്ചിരുന്നു.
വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്‌വി എന്നിവരാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജുഡിഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം തങ്ങളെ അസ്വസ്ഥരാക്കി. പരമോന്നത കോടതിയെ അടക്കം അപകീർത്തിപ്പെടുത്താനാണിത്. രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥരുടെയും അഴിമതിയെക്കുറിച്ചു പാഠപുസ്‌തകങ്ങളിൽ മിണ്ടുന്നില്ലെന്നും അഭിഭാഷകർ അറിയിച്ചു. തുടർന്നായിരുന്നു കോടതിയുടെ വിമർശനം.
'സമൂഹത്തിൽ ജുഡിഷ്യറിയുടെ പങ്ക്' എന്ന പുതിയ അദ്ധ്യായം ഉൾപ്പെടുത്തിയാണ് എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകം പരിഷ്‌കരിച്ചത്. ജുഡിഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതരമായ ആശങ്കയാണ് അഴിമതിയെന്ന് പാഠഭാഗത്തിൽ പറയുന്നു. സിറ്റിംഗ് ജഡ്‌ജിമാരെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ അഴിമതി ആരോപണമുയർന്നാൽ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം, ജുഡിഷ്യറി നേരിടുന്ന വെല്ലുവിളികൾ എന്നതടക്കം പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
'എങ്ങനെ കൈകാര്യം
ചെയ്യണമെന്നറിയാം'
ജുഡിഷ്യറിയെയും സുപ്രീംകോടതിയെയും കളങ്കപ്പെടുത്താൻ ഭൂമിയിലുള്ള ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്രിസ് വ്യക്തമാക്കി. അതിന് എന്തുവില കൊടുക്കേണ്ടി വന്നാലും. താനത് ഉറപ്പുനൽകുകയാണ്. സ്വമേധയാ കേസെടുക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്കു പോവുക തന്നെ ചെയ്യും. തനിക്കറിയാം ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന്. കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. പലയിടത്തു നിന്ന് ഫോൺകോളുകളും മെസേജുകളും വരുന്നുണ്ട്. ജഡ്‌ജിമാർക്കും അഭിഭാഷകർക്കും ഒരുപോലെ ആശങ്കയുണ്ടെന്നും
പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |