തിരുവനന്തപുരം: കോൺഗ്രസിന്റെ പുരോഗമന മുഖമായിരുന്നു പി.ടി. തോമസെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. വ്യക്തിവൈശിഷ്ട്യം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ അദ്ദേഹം നിലപാടിന്റെ ആൾരൂപം കൂടിയായിരുന്നു. അപ്രിയ സത്യങ്ങൾ സധൈര്യം ലോകത്തോട് വിളിച്ചു പറയാൻ ആർജ്ജവം കാട്ടിയ നേതാവ്. പ്രകൃതിയെയും മനുഷ്യനെയും കലർപ്പില്ലാതെ സ്നേഹിച്ചു. ഏത് രാഷ്ട്രീയ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും മറ്റുള്ളവരുടെ വികാരം ഉൾക്കൊള്ളാനും ഔത്സുക്യം കാണിച്ച നേതാക്കളിൽ ഒരാൾ. ജനപ്രതിനിധി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് പി.ടി കാഴ്ചവച്ചത്. ജനങ്ങളോടുള്ള പ്രതിബദ്ധത എന്നും കാത്തു സൂക്ഷിച്ചു. മികച്ച നിയമസഭാംഗം കൂടിയായിരുന്ന അദ്ദേഹത്തിന് വിഷയങ്ങൾ പഠിച്ച് സഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നുവെന്നും സുധാകരൻ പറഞ്ഞു. പി.ടിയുടെ നിര്യാണത്തിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, കെ.സി.വേണുഗോപാൽ എം.പി, പി.പി.തങ്കച്ചൻ, തമ്പാനൂർ രവി, ഡെമോക്രാറ്റിക് കോൺഗ്രസ് കേരള സംസ്ഥാന പ്രസിഡന്റ് സലിം പി. മാത്യു എന്നിവരും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |