തിരുവനന്തപുരം: ഈ മാസം ആറു മുതൽ ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ തൃശൂരിൽ നിന്ന് ചെന്നൈയിലേക്ക് കെ.എസ്.ആർ.ടി.സി മൾട്ടി ആക്സിൽ എ.സി സ്കാനിയ ബസ് സർവീസ് നടത്തും. തമിഴ്നാട്ടിലെ വിവിധ മലയാളി അസോസിയേഷൻ സംഘടനാ പ്രതിനിധികൾ മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.
ക്രിസ്മസ്, ന്യൂ ഇയർ, ശബരിമല തിരക്ക് കണക്കിലെടുത്ത് തൃശൂർ ചെന്നൈ തൃശൂർ റൂട്ടിലേക്ക് ആരംഭിച്ച മൾട്ടി ആക്സിൽ എ.സി സ്കാനിയ സർവീസ് നടത്തിയിരുന്നു.
ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്ന് 7,9, 14,16, 21,23,28,30, ഫെബ്രുവരി 4,6 തീയതികളിൽ (വെള്ളി, ഞായർ ദിവസങ്ങളിൽ) വൈകിട്ട് 6.30ന് സർവീസ് ആരംഭിക്കും. തൃശൂരിൽ നിന്ന് ചെന്നൈക്ക് 6,8,13,15,20,22,27,29,
ഫെബ്രുവരി 3,5 തീയതികളിൽ (വ്യാഴം, ശനി ദിവസങ്ങളിൽ) വൈകിട്ട് 5.30 മണിക്ക് പുറപ്പെടും. ചെന്നൈയിൽ നിന്ന് തൃശൂരിലേക്ക് പ്രധാന സ്ഥലങ്ങളിൽ ബോർഡിംഗ് പോയിന്റ് ഉണ്ടായിരിക്കും. കൂടാതെ തൃശൂരിൽ നിന്നും പാലക്കാട്ട് നിന്നും കണക്ഷൻ സർവീസിൽ ടിക്കറ്റ് റിസർവ് ചെയ്യുന്നതിനും തൃശൂർ, പാലക്കാട് ബസ് സ്റ്റേഷനുകളിൽ വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കും. ലഗേജുകൾ കൈകാര്യം ചെയ്യുന്നതിന് സഹായിയും ഉണ്ടാകും. സീറ്റുകൾ 'എന്റെ കെ.എസ്.ആർ.ടി.സി' ആപ്പ് വഴി ഓൺലൈനിൽ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനും: Online.keralartc.com, 471-2463799, 9447071021, 1800 599 4011.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |