SignIn
Kerala Kaumudi Online
Saturday, 09 November 2024 2.58 AM IST

അവർ നിർഭയരായി ഉത്സവം ആഘോഷിക്കട്ടെ

Increase Font Size Decrease Font Size Print Page
shivankutty

കലകളുടെ കൗമാരസംഗമത്തിന് ചരിത്രനഗരമായ കോഴിക്കോട് വേദിയാവുകയാണ്. കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേല്ക്കാൻ ഇനിയുള്ള ദിനരാത്രങ്ങൾ മലയാളത്തിന്റെ കണ്ണും കാതും സാമൂതിരിയുടെ തട്ടകത്തിലേക്ക്. 1957 ൽ ഇരുനൂറോളം പേർ പങ്കെടുത്ത കലാമത്സരം എന്ന നിലയിൽ തുടങ്ങിയ സ്‌കൂൾ കലോത്സവം വളർച്ചയുടെ പടവുകൾ പിന്നിട്ട് കോഴിക്കോട്ടെത്തുന്നത് പതിനാലായിരത്തിലേറെ മത്സരാർത്ഥികളുമായാണ്. ആറര പതിറ്റാണ്ടെത്തിയ മേള ഇതിനിടെ നാലുവർഷം മാത്രമാണ് മുടങ്ങിയത്.

ഒരു ദിവസത്തെ മത്സരപരിപാടിയിൽ നിന്ന് ഒരാഴ്ചത്തെ മഹോത്സവമായി മാറിയതിനു പിന്നിൽ ഒട്ടേറെ ആലോചനകളും ചർച്ചകളുമുണ്ടായിരുന്നു. മത്സരങ്ങളുടെ ഗൗരവം വർദ്ധിച്ചപ്പോൾ കൃത്യമായ നിയമാവലി രൂപപ്പെടേണ്ട സാഹചര്യമുണ്ടായി. യുവജനോത്സവത്തിന് മാന്വൽ ഉണ്ടായി. കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ, ഗ്രേസ് മാർക്ക് തുടങ്ങിയവ മേളയുടെ മുഖ്യ ആകർഷണമായി. കലാമേളയിലെ പ്രകടനം സിനിമാരംഗത്തേക്കുള്ള പ്രവേശനകവാടമായി പലർക്കും പ്രയോജനപ്പെട്ടു. ഇത്തരം സാദ്ധ്യതകൾ മേളയെ കൂടുതൽ കടുത്ത മത്സരവേദിയാക്കി. കലാതിലകം, കലാപ്രതിഭാ സ്ഥാനങ്ങൾ ഉപേക്ഷിച്ചതും ഗ്രേഡ് മാത്രം പ്രഖ്യാപിക്കുന്ന രീതി അവലംബിച്ചതും ഈ പശ്ചാത്തലത്തിലാണ്.


239 ഇനങ്ങളിൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നിന്നായി പതിനാലായിരത്തോളം മത്സരാർത്ഥികളും ഇരട്ടിയോളം രക്ഷിതാക്കളും അദ്ധ്യാപകരും അടക്കം മുപ്പത്തിനായിരത്തോളം പേരാണ് കോഴിക്കോട്ട് എത്തുക. കാണികളായ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും വേറെ. സംഘാടകരായി മൂവായിരത്തോളം പേ‌ർ. ആയിരത്തിലധികം മാദ്ധ്യമപ്രവർത്തകർ കലോത്സവ വിശേഷങ്ങൾ പകർത്താൻ കോഴിക്കോട്ടെത്തും. ഇത്രയും വലിയ ജനാവലിക്ക് കുറ്റമറ്റ വരവേല്പ് നൽകാൻ സംഘാടകസമിതി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുന്നു. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരളത്തിന്റെ സാംസ്‌കാരികത്തനിമ അനാവരണം ചെയ്യുന്ന വ്യത്യസ്ത കലാരൂപങ്ങളെ സമൂഹത്തിനു പൊതുവേയും,​ കുട്ടികൾക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്‌കൂൾ കലോത്സവങ്ങൾ. ദൗർഭാഗ്യവശാൽ ചിലരെങ്കിലും അമിതമായ മത്സരാന്തരീക്ഷം സൃഷ്ടിച്ച് ഈ പൊതു പഠനവേദിയെ മലീമസമാക്കാൻ ശ്രമിക്കുന്നുവെന്നത് ദുഃഖകരമാണ്. ഇതിനെതിരെ സ്വയം ജാഗ്രത്താവാൻ കഴിയേണ്ടതുണ്ട്. കുട്ടികൾക്ക് നിർഭയമായി കഴിവുകൾ പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെ സന്ദേശം ഉൾക്കൊള്ളുകയും മറ്റുള്ളവരെ ഈ സന്ദേശം ഉൾക്കൊള്ളാൻ സഹായിക്കുകയും ചെയ്യേണ്ട അവസരത്തെ ആ രീതിയിൽ ഉയർത്താൻ നിർണായക പങ്കുവഹിക്കേണ്ടത് രക്ഷിതാക്കളാണ്. 'മത്സരം വേണ്ട, ഉത്സവം മതി' എന്ന കുഞ്ഞുണ്ണിമാഷിന്റെ അഭിപ്രായത്തിന്റെ സത്ത ഉൾക്കൊള്ളാൻ ഈ കലോത്സവത്തിന് കഴിയുമെന്ന് പ്രത്യാശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.