കൊല്ലം: സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിൽ മന്ത്രിമാർക്ക് രൂക്ഷവിമർശനവും പരിഹാസവും. മുൻ ഇടത് മന്ത്രിമാർക്ക് ജനമനസുകളിലുള്ള അംഗീകാരം നഷ്ടമാകാതിരിക്കാൻ ,ഇപ്പോഴത്തെ മന്ത്രിമാർക്ക് കാര്യശേഷി അഭിനയിക്കുകയെങ്കിലുമാകാമെന്ന് കൊട്ടാരക്കരയിൽ നിന്നുള്ള പ്രതിനിധി പരിഹസിച്ചു.
വി.ശിവൻകുട്ടിയും കെ.രാജനും ഒഴികെയുള്ള എല്ലാ മന്ത്രിമാരും പരാജയമാണെന്ന് നെടുവത്തൂരിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു. സി.പി.ഐ മന്ത്രിമാർ ഒന്നാം, രണ്ടാം പിണറായി സർക്കാർ എന്നൊക്കെയാണ് പറയുന്നത്. പിണറായി ഭക്തി ഉപേക്ഷിച്ച് എൽ.ഡി.എഫ് സർക്കാരെന്ന് പറയാനുള്ള ധൈര്യം കാട്ടണം. എ.ബി.വി.പി വളർന്നാലും വേണ്ടില്ല എ.ഐ.എസ്.എഫിനെ അടിച്ചൊതുക്കണമെന്നാണ് എസ്.എഫ്.ഐയുടെ നിലപാടെന്നും വിമർശനം ഉയർന്നു.
ധനം, വനം വകുപ്പുകൾക്ക്
വിമർശനം
രാഷ്ട്രീയ റിപ്പോർട്ടിൽ സർക്കാരിനെ പുകഴ്ത്തുമ്പോഴും ധനം, വനം വകുപ്പുകൾക്ക് വിമർശനം. പൊതുവിതരണ വകുപ്പിന് പണം നൽകാത്തതിനാണ് ധനവകുപ്പിനെതിരായ വിമർശനം. സർക്കാരിന്റെ പരിഗണനാ വിഷയങ്ങളിൽ കർഷകർക്കും തൊഴിലാളികൾക്കും സാധാരണക്കാർക്കും മുൻഗണന നൽകണം. സാമൂഹ്യ പെൻഷൻ മുടങ്ങിയത് എൽ.ഡി.എഫിനോട് അവമതിപ്പ് സൃഷ്ടിച്ചു. വനം വകുപ്പിനും അവസരത്തിനൊത്ത് ഉയരാൻ കഴിയുന്നില്ല. വിദേശ, സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരുമ്പോൾ ഇടതുപക്ഷ നിലപാടിൽ വ്യതിചലനം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |