ന്യൂഡൽഹി: കേരള ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ മുൻ വൈസ് ചാൻസലർ ഡോ. കെ. റിജി ജോൺ നൽകിയ ഹർജിയും സർക്കാരിന്റെ ഹർജിയും ഒന്നിച്ച് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചു.
ഡോ. കെ. റിജി ജോണിന്റെ ഹർജിയിൽ നേരത്തേ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി, ജനുവരി 13 ന് ഹർജി പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ ഹർജി ഇതോടൊപ്പം പരിഗണിക്കണമെന്ന് സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടു. ഡോ. കെ. റിജി ജോണിന് കുഫോസ് വി.സിയാകാൻ യോഗ്യത ഉണ്ടെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കുസാറ്റിലെ മുൻ പ്രൊഫസർ ജി. സദാശിവൻ നായർ നൽകിയ ഹർജിയിൽ നോട്ടീസ് അയയ്ക്കരുതെന്ന് റിജി ജോണിന്റെ അഭിഭാഷകൻ ജയന്ത് മുത്തുരാജ് ആവശ്യപ്പെട്ടു. കേസുമായി ഹർജിക്കാരന് ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ മുൻ വിസിക്കെതിരായ ഹൈക്കോടതിയിലെ ഹർജിക്കാർ തങ്ങളായിരുന്നുവെന്ന് ജി. സദാശിവൻ നായരുടെ അഭിഭാഷകൻ കെ.പി. കൈലാസ് നാഥ പിള്ള വാദിച്ചു. തുടർന്ന് മറ്റ് ഹർജികൾക്കൊപ്പം സദാശിവൻ നായരുടെ ഹർജിയും ജനുവരി 13 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സദാശിവൻ നായരുടെ ഹർജിയിൽ കോടതി നോട്ടീസ് അയച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |