സിലബസിലും കോഴ്സുകളിലും സമൂലമായ മാറ്റം
തിരുവനന്തപുരം: വിദേശ സർവകലാശാലകളിലെ വിദ്യാർത്ഥികളെ സംസ്കൃതം പഠിപ്പിക്കാൻ നൂതന കോഴ്സുകളുമായി സംസ്കൃത സർവകലാശാല. നെതർലൻഡ്സിലെ ഗ്രോണിംഗൻ സർവകലാശാല, വിയന്നയിലെ സെൻട്രൽ യൂറോപ്യൻ സർവകലാശാല എന്നിവയുമായി സംസ്കൃത പഠനത്തിനും വിദ്യാർത്ഥി- അദ്ധ്യാപക കൈമാറ്റത്തിനുമുള്ള ധാരണാപത്രം വാഴ്സിറ്റി ഉടൻ ഒപ്പിടും. യൂറോപ്പിലും ബ്രിട്ടണിലും അമേരിക്കയിലുമെല്ലാം സംസ്കൃത പഠനത്തിന് ഡിമാന്റുണ്ടെന്നത് കണക്കിലെടുത്താണ് വിദേശ വാഴ്സിറ്റികളുമായുള്ള സഹകരണമെന്നും സംസ്കൃത സർവകലാശാലാ വൈസ്ചാൻസലർ പ്രൊഫ. എം.വി. നാരായണൻ 'കേരളകൗമുദി"യോട് പറഞ്ഞു.
വിദേശവാഴ്സിറ്റികൾക്ക് ആവശ്യമായ സിലബസും കോഴ്സുകളും സംസ്കൃത സർവകലാശാല തയ്യാറാക്കും. ഓൺലൈനായി പഠിപ്പിക്കാൻ അദ്ധ്യാപകരെയും നൽകും. പുറമെ അദ്ധ്യാപക-വിദ്യാർത്ഥി കൈമാറ്റത്തിന് (എക്സ്ചേഞ്ച് പ്രോഗ്രാം) കരാർ. സംസ്കൃതം, തിയേറ്റർ പഠനം എന്നിവയ്ക്ക് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയുമായും ആയുർവേദ പി.ജി വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംസ്കൃത പി.ജി പ്രോഗ്രാം നടത്താൻ ആരോഗ്യ സർവകലാശാലയുമായും ധാരണാപത്രം ഒപ്പിടും. ബി.എ.എം.എസ് വിദ്യാർത്ഥികൾക്ക് മൈനർ കോഴ്സുകളായി സംസ്കൃതം പഠിപ്പിക്കും.
സംസ്കൃത ഭാഷാ പ്രാവീണ്യം നേടാൻ താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റ് കോഴ്സുകൾ കൂടാതെ മറ്റ് ഭാഷകളിലും ഇത്തരം കോഴ്സുകൾ തുടങ്ങും. സംസ്കൃതത്തിൽ ആഴത്തിലുള്ള പഠനത്തിന് പി.ജി കോഴ്സുകൾ തുടങ്ങും. ഒരു ശാസ്ത്രഗ്രന്ഥം പഠിച്ച് പരീക്ഷ വിജയിച്ചാൽ ശാസ്ത്രബോധിനി സർട്ടിഫിക്കറ്റ് നൽകും. വാഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രങ്ങളിൽ ബി.എഡും പുതുതലമുറ കോഴ്സുകളും
തുടങ്ങും. സംസ്കൃത ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഏകീകരിക്കും. ഗവേഷണം ശക്തിപ്പെടുത്തും. അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിക്കും. ഇവയിൽ മൂന്നു വർഷത്തിനു ശേഷം പഠനം മതിയാക്കാനുള്ള എക്സിറ്റ് സൗകര്യമുണ്ടാവും.
പുതിയ കോഴ്സുകൾ
പി.ജി ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്,
മൾട്ടി ഡിസിപ്ലിനറി മാസ്റ്രേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്മെന്റ്,
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനെസ് റീഹാബിലിറ്റേഷൻ
(അനുമതി പ്രോജക്ട് മോഡിൽ തുടങ്ങാൻ)
സംസ്കൃത പഠനം മാറുന്നതിങ്ങനെ
1) മതത്തിന്റെ ചട്ടക്കൂടിലൊതുങ്ങാതെ സംസ്കൃത പഠനം മാറും
2) സാമൂഹ്യ ശാസ്ത്ര, മാനവിക വിഷയങ്ങളും കലാപഠനവുമടക്കം സിലബസിൽ
3) സംസ്കൃത പഠനത്തിന്റെ കേരളീയ പാരമ്പര്യത്തെ അക്കാഡമിക് വീക്ഷണവുമായി കൂട്ടിയിണക്കും
''വിദേശ വാഴ്സിറ്റികളുമായി സംസ്കൃതപഠനത്തിനും അദ്ധ്യാപക- വിദ്യാർത്ഥിക്കൈമാറ്റത്തിനും സാധിക്കുന്നത് വാഴ്സിറ്റിക്ക് ഏറെ ഗുണകരമാവും''
-പ്രൊഫ. എം.വി. നാരായണൻ
വൈസ്ചാൻസലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |