തിരുവനന്തപുരം: വൈദ്യുതി വില്പനനടത്തിയും മറ്റും കെ.എസ്.ഇ. ബിക്ക് ലഭിക്കുന്ന ലാഭവിഹിതം സുതാര്യമായിരിക്കണമെന്നും അതു പ്രവർത്തനവരുമാനത്തിൽ ഉൾപ്പെടുത്തി ഗാർഹിക ഉപഭോക്താക്കളുടെ നിരക്ക് കുറയ്ക്കണമെന്നും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ കരട് നിർദേശം.
വൈദ്യുതിവിതരണം വഴിയുള്ള വരുമാനം മാത്രം അടിസ്ഥാനമാക്കുകയും വില്പന വഴിയുള്ള വരുമാനം മറച്ചുവയ്ക്കുകയും ചെയ്താണ് സ്ഥാപനം നഷ്ടത്തിലെന്ന് കാട്ടുന്നത്.
വൻകിട വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന ക്രോസ് സബ്സിഡി ചാർജ്ജ് ഒഴിവാക്കണമെന്നും നിർദ്ദേശത്തിലുണ്ട്. കെ.എസ്.ഇ.ബിയുടേത് അല്ലാത്ത വൈദ്യുതി നേരിട്ട് വാങ്ങുന്ന വ്യവസായസ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയുടെ ലൈനുകളിലൂടെ കൊണ്ടുവരുന്നതിന് ഈടാക്കുന്നതാണ് ക്രോസ് സബ്സിഡി. ഇത് മറ്റ് സംസ്ഥാനങ്ങൾ ഈടാക്കുന്നതുപോലെ, വൈദ്യുതി ലൈൻ ഉപയോഗിക്കുന്നതിനുള്ള നാമമാത്രമായ കൂലിയല്ല. പുറമേനിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്നത് നിരുത്സാഹപ്പെടുത്താൻ ചുമത്തുന്ന തുകയാണ്. ഈ തുക വാങ്ങുന്നതിനാലാണ് ഗാർഹിക ഉപഭോക്താക്കൾക്ക് കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകാൻ കഴിയുന്നതെന്ന് വൈദ്യുതി ബോർഡ് വാദിക്കുന്നു. പുതിയ കേന്ദ്രവൈദ്യുതിനയത്തിലും ക്രോസ് സബ്സിഡി പോലുള്ള നടപടികൾ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
പകുതി ലാഭം പങ്കിടണം
#മിച്ചം വൈദ്യുതി എത്രയുണ്ടെന്നും വില്പനയ്ക്ക് ലഭ്യമാണെന്നും വെബ്സൈറ്റിലോ മാദ്ധ്യമങ്ങളിലൂടെയോ കെ.എസ്.ഇ.ബി പരസ്യപ്പെടുത്തണം. ഉത്പാദന-വിതരണച്ചെലവും പരസ്യപ്പെടുത്തണം.
# ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതിയും മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ദീർഘകാല കരാർ പ്രകാരം കൂടുതലായി വാങ്ങുന്ന വൈദ്യുതിയും വിൽക്കാം. ലാഭത്തിന്റെ പകുതി ഉപഭോക്താക്കൾക്ക് നൽകണം.
നഷ്ടം കാട്ടുന്ന വഴി
കെ.എസ്.ഇ.ബി വാർഷിക വരവ് ചെലവ് കണക്കിൽ നഷ്ടത്തിലാണ്. സോളാർ വൈദ്യുതി, വിവിധ കരാർ പ്രകാരം വാങ്ങുന്ന വൈദ്യുതി, സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എന്നിവയിൽ അധികം വരുന്ന വൈദ്യുതി വില്പപന നടത്തിക്കിട്ടുന്ന ലാഭം ബോർഡിന്റെ പ്രവർത്തനചെലവിലും ബാധ്യതകളിലും തട്ടിക്കിഴിച്ചാണ് നഷ്ടം കാണിക്കുന്നത്. റെഗുലേറ്ററി കമ്മിഷൻ ഇങ്ങിനെ ചെയ്യുന്നതിന് പകരം, വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതിലും മിച്ചം വൈദ്യുതി വിൽക്കുന്നതിലും കിട്ടുന്ന ലാഭം പ്രത്യേകമായി വേർതിരിച്ച് അതിന്റെ വിഹിതം ഉപഭോക്താക്കൾക്ക് കൈമാറണം. കെ.എസ്.ഇ.ബി.യുടെ കെടുകാര്യസ്ഥത കൊണ്ടുണ്ടാകുന്ന നഷ്ടം ഉപഭോക്താളുടെ മേൽ അടിച്ചേല്പിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |