തിരുവനന്തപുരം: പഴയ വാഹനങ്ങൾ പൊളിച്ചടുക്കി വിൽക്കാൻ കെ.എസ്.ആർ.ടി.സി സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നാല് കേന്ദ്രങ്ങൾ തുറക്കും. കലാവധി കഴിഞ്ഞ വാഹനങ്ങൾ സ്വീകരിക്കാൻ 93 ഡിപ്പോകളിലും കളക്ഷൻ സെന്ററുകളും തുറക്കും. കേന്ദ്രനിയമ പ്രകാരം കലാവധി കഴിഞ്ഞ വാഹനങ്ങൾ സംസ്ഥാനത്ത് പൊളിച്ചു വിൽക്കാനുള്ള അവകാശം കെ.എസ്.ആർ.ടി.സിക്കാണ് സംസ്ഥാന സർക്കാർ നൽകിയത്. അതു പ്രകാരം ട്രാൻസ്പോർട്ട് കോർപ്പറേഷൻ പദ്ധതി തയ്യാറാക്കി. പാറശാല, എടപ്പാൾ, ചിറ്രൂർ, കാഞ്ഞങ്ങാട് എന്നിവടങ്ങളിലാണ് പൊളിക്കൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഈ കേന്ദ്രങ്ങളുടെ നടത്തിപ്പ് അവകാശം നേടാൻ സ്വകാര്യ കമ്പനികളിൽ നിന്നു കെ.എസ്.ആർ.ടി.സി താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മേൽനോട്ടം കെ.എസ്.ആർ.ടി.സിക്കായിരിക്കും.
15 വർഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം. സർക്കാർ വാഹനങ്ങളുടെ ആയുസ്സ് 15 വർഷമാണ്. യന്ത്രവത്കൃത സംവിധാനമുപയോഗിച്ചാണ് വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുക. ഇതിൽ പരാജയപ്പെടുന്നവ പൊളിക്കും. പൊളിക്കുന്ന വാഹന ഘടകങ്ങൾ ഉരുക്കുനിർമ്മാണകമ്പനികൾക്ക് വിൽക്കും. രാജ്യത്തെ ആദ്യത്തെ പൊളിക്കൽകേന്ദ്രം 2022 മേയിൽ നോയിഡയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനംചെയ്തിരുന്നു.
വാഹനംപൊളിക്കൽ കേന്ദ്രം സജ്ജീകരിക്കുന്നതിനാവശ്യമായ ഭൂമി കെ.എസ്.ആർ.ടി.സിക്കുണ്ട്. സ്വകാര്യസംരംഭകരെ കണ്ടെത്തി പൊളിക്കൽകേന്ദ്രം സജ്ജീകരിച്ചാലും കോർപ്പറേഷന് സാമ്പത്തിക നേട്ടമാകും. 2021 ആഗസ്റ്റിലാണ് കേന്ദ്രസർക്കാർ വാഹനം പൊളിക്കൽനയം പ്രഖ്യാപിച്ചത്. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. പഴയവാഹനങ്ങൾ പൊളിക്കുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്‌ട്രേഷനിലും നികുതിയിലും ഇളവു ലഭിക്കും.
പ്രവർത്തനം ഇങ്ങനെ
1. വാഹനം കളക്ഷൻ സെന്ററുകളിലൂടെ സ്വീകരിക്കും.അവിടെ വച്ചു തന്നെ വില നൽകും
2. വണ്ടിയും രേഖകളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പരിശോധിക്കും
3. ഇതു സംബന്ധിച്ച ഇ-മെയിൽ സന്ദേശം ആർ.ടി ഓഫീസിന് അയയ്ക്കും
4. മറുപടി കിട്ടിയാലുടൻ ഉടമയ്ക്ക് വണ്ടി സ്ക്രാപ് ചെയ്തതായി രേഖ നൽകും.
പൊളിക്കേണ്ടത് 22 ലക്ഷം
സംസ്ഥാനത്ത് 22 ലക്ഷത്തോളം പഴയവാഹനങ്ങൾ പൊളിക്കേണ്ടിവരുമെന്നാണ് കണക്ക്.
ഇതിൽ 2506 സർക്കാർ വാഹനങ്ങളുമുണ്ട്.
''പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് ആവശ്യത്തിന് ഭൂമിയുണ്ട്. വരുമാനം എത്രത്തോളം ലഭിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല""
-ബിജു പ്രഭാകർ, സി.എം.ഡി, കെ.എസ്.ആർ.ടി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |