കൊല്ലം: കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്‌ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഉടൻ പരാതി നൽകുമെന്ന് ഇവർ പറഞ്ഞു.
വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഇയാൾ ലൈംഗിക ചേഷ്‌ടകൾ കാണിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും യുവതി വ്യക്തമാക്കി. കൊല്ലത്താണ് ഇയാൾ ഇറങ്ങിയത്. ബസിൽ വേറെയും മൂന്ന് സ്‌ത്രീകൾ ഉണ്ടായിരുന്നു. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആഗ്രഹം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും യുവതി അറിയിച്ചു. പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിക്കുകയുള്ളു.
ഇത്തരത്തിൽ പൊതുഗതാഗത സംവിധാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്. രാത്രി കാലങ്ങളിൽ സ്‌ത്രീകൾക്ക് ഒറ്റയ്‌ക്ക് യാത്ര ചെയ്യാൻ ഇപ്പോഴും ഭയപ്പെടേണ്ട അവസ്ഥയാണ്. പല പരാതികളും വന്നിട്ടും ഇത്തരത്തിൽ ലൈംഗിക വൈകൃതം കാട്ടുന്നവരെ നിലയ്‌ക്ക് നിർത്താനുള്ള ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |